ബി.ജെ.പിയുടെ ചിഹ്നമായിപ്പോയെന്ന ഒറ്റക്കാരണത്താല്‍ കലോല്‍സവ വേദിയില്‍ നിന്ന് പടിക്കുപുറത്തായ താമരയുടെ ദുഃഖം ആരറിയാന്‍. ഇന്ത്യയുടെ ദേശീയപുഷ്പമായി താമരയെ നിശ്ചയിച്ചത് രാത്രി വെളുത്തപ്പോഴല്ല, മറിച്ച് ആയിരക്കണക്കിന് വര്‍ഷങ്ങളിലേക്ക് വേരുകളുള്ള സാംസ്കാരികവും ചരിത്രപരവുമായ മഹത്വം കൊണ്ടാണെന്ന് താമര പറയുന്നുണ്ടാകണം.
പാവം താമരപ്പൂവിനോട് കടക്ക് പുറത്ത് പറഞ്ഞത് അത് ബി.ജെ.പിയുടെ ചിഹ്നമായതുകൊണ്ട്. പക്ഷേ താമര പറയുന്നു.. ഞാന്‍ വെറുമൊരു ചിഹ്നം മാത്രമല്ല. ദേശീയ പുഷ്പമാണ്. ആ പദവി പെട്ടന്ന് ഒരു ദിവസം കൊണ്ട് നേടിയതല്ല ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പേ ഈ ഭൂഭാഗത്ത് വിശുദ്ധമായ ഒരു പ്രതീകമാണ്. ശുദ്ധി, ദൈവികത, ബോധോദയം പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിനുള്ള കരുത്ത് എന്നിവയുടെ പ്രതീകം.
ബുദ്ധ–ജൈന മതങ്ങളിലും വിശിഷ്ട സ്ഥാനം ഉണ്ടായിരുന്നു. ലക്ഷിമിയും സരസ്വതിയും ബ്രഹ്മാവുമൊക്കെ ഇരിക്കുന്നത് എവിടെയെന്ന് ചിന്തിക്കുക. വേദങ്ങളിൽ നിന്ന് ആരംഭിച്ച് കാളിദാസന്‍റെ കവിതകളിൽ, ക്ഷേത്രകലയിൽ, മുഗൾ ചിത്രകലയിൽ എല്ലായിടത്തും സൗന്ദര്യം , സമൃദ്ധി, സൃഷ്ടി എന്നിവയുടെ ബിംബമാണ്. വെള്ളത്തിൽ നിന്നുയർന്ന് ചളിയിൽ വളർന്നാലും നിഷ്കളങ്കമായി വിരിയുന്ന ശുദ്ധിയാണ്. അതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തരകാലത്ത് ദേശീയ ചിഹ്നങ്ങളായ പതാക, മുദ്ര, ദേശീയ മൃഗം തുടങ്ങിയവയോടൊപ്പം ദേശീയ പുഷ്പമായി എന്നെ നിശ്ചയിച്ചത്.
ഇനി ബി.ജെ.പി ബന്ധം പറയാം. 1951 ല്‍ ഭാരതീയ ജനസംഘ് രൂപീകരിച്ചപ്പോള്‍ ദീപമായിരുന്നു ചിഹ്നം. ജനസംഘം ജനതാപാര്‍ട്ടിയുമായി ചേര്‍ന്നപ്പോള്‍ ചക്രമായിരന്നു ചിഹ്നം. 1980 ല്‍ ബി.ജെ.പി സ്ഥാപിതമായപ്പോഴാണ് ചിഹ്നമായി താമരയെ തിരഞ്ഞെടുത്തത്. അതായത് ബി.ജെ.പിയുമായി താമരയ്ക്ക് അരനൂറ്റാണ്ടുകാലത്തെ ബന്ധം പോലുമില്ല. എന്നിട്ടും കലോല്‍സവ വേദിയില്‍ നിന്ന് പുറത്തുകടക്കാന്‍ പറഞ്ഞത് എന്തിനാണോ ആവോ?