കലാപൂരത്തിന് ശക്തന്റെ മണ്ണിൽ കൊടി ഉയരുകയാണ് ഇനിയുള്ള അഞ്ചുനാൾ തേക്കിൻകാട്ടിൽ താളമേള വിന്ന്യാസം ആസ്വദിക്കാം. കലോത്സവത്തിന്റെ വരവ് അറിയിച്ച് രാവിലെത്തന്നെ കലവറ സജീവമായി വിദ്യാഭ്യാസ മന്ത്രിയും മേയറും കളക്ടറും പങ്കെടുത്ത പഴയിടത്തിന്റെ കലവറ നിറയ്ക്കൽ ചടങ്ങ് ഗംഭീരമാക്കി.
കലോത്സവത്തിന് ആദ്യ സംഘം തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ എത്തി. കുട്ടികൾ എത്തിയപ്പോൾ സ്റ്റേഷനിൽ ഗംഭീര മേളത്തോടെ തട്ടകം സ്വാഗതമോതി. ഉച്ചകഴിഞ്ഞ് ദൃശ്യ വിസ്മയം ഒരുക്കാൻ ഘോഷയാത്രയുടെ അവസാനവട്ട ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. കാസർകോട് നിന്നും പ്രയാണം തുടങ്ങിയ സ്വർണക്കപ്പ് വൈകിട്ട് 5ന് പ്രധാന വേദിയിൽ എത്തും. നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലാമാമാങ്കം ഉദ്ഘാടനം ചെയ്യും. തുടർന്ന് 25 വേദികളിലായി 250 ൽ പരം മത്സരയിനങ്ങൾ.