സംസ്ഥാന സ്കൂള്‍ കലോത്സവവേദിയിലേക്ക് പ്രതിസന്ധികളെ അതിജീവിച്ചെത്തുകയാണ് കോഴിക്കോട് സെന്‍റ് ജോസഫ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ  പ്ലസ് വണ്‍ വിദ്യാര്‍ഥി അദ്വൈത്. നൃത്താധ്യാപകര്‍ വാങ്ങി നല്‍കിയ വസ്ത്രവും ആഭരണവുമായാണ് നാടോടിനൃത്തത്തില്‍ പങ്കെടുക്കാനെത്തുന്നത്. ആദ്യമായാണ് അദ്വൈത് സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്. 

ഈ ചുവടുകള്‍ ഇടറില്ല, കാരണം അദ്വൈതിനൊപ്പം കരുത്തായി നൃത്താധ്യാപകരുണ്ട്. ഓട്ടോ തൊഴിലാളിയായ അച്ഛന്‍റെയും ഹോട്ടല്‍ തൊഴിലാളിയായ അമ്മയുടെയും വരുമാനത്തിനപ്പുറമാണ് കലോത്സവചെലവുകള്‍. സംസ്ഥാനവേദിയിലേക്ക് പോകാന്‍ പണം എവിടെനിന്ന് കണ്ടെത്തുമെന്ന് ഓര്‍ത്ത് വിഷമിച്ചപ്പോഴും കൈത്താങ്ങായത് ഈ അധ്യാപകരാണ്. 

യുട്യൂബ് നോക്കിയാണ് നൃത്തപഠനം തുടങ്ങിയത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ശ്രീഹരി നൃത്തവിദ്യാലയത്തില്‍ ചേര്‍ന്നത്. നര്‍ത്തകനാരായ ബബിന, ഹരീഷ് എന്നിവരാണ് അധ്യാപകര്‍. താടകവേഷമാണ് അവതരിപ്പിക്കുന്നത്. നാടോടിനൃത്തത്തിന് ഒപ്പം അദ്വൈത് തായമ്പകയിലും മത്സരിക്കുന്നുണ്ട്.