parade

ഡല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ പരേഡ് അവതരിപ്പിച്ച് കേരളത്തില്‍ നിന്നുള്ള എന്‍.സി.സി ബാന്‍ഡ്.  സൈനികര്‍ക്ക് ആദരമര്‍പ്പിച്ചായിരുന്നു ആണ്‍കുട്ടികളുടെ 45 അംഗ സംഘത്തിന്‍റെ ബാന്‍ഡ് പ്രകടനം. കര്‍ത്തവ്യപഥിലെ റിപ്പബ്ലിക് ദിന പരേഡിനുള്ള പരിശീലനത്തിലാണ് സംഘം.

രാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീരസൈനികരുടെ സ്മരണകളിരമ്പുന്ന പവിത്രഭൂമിയില്‍ കേരളത്തിന്‍റെ അഭിമാനമായി എന്‍.സി.സി ബാന്‍ഡ്. ദേശീയ തലത്തില്‍ അഞ്ച് ബാന്‍ഡുകളാണ് ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന ക്യാംപില്‍ പങ്കെടുക്കുന്നത്. കേരള & ലക്ഷദ്വീപ് ഡയറക്ട്രേറ്റില്‍നിന്ന് ആണ്‍കുട്ടികളുടെ ബാന്‍ഡ് സംഘത്തിന് അവസരം ലഭിക്കുന്നത് ‍ഇതാദ്യം.

45 അംഗ ബാന്‍ഡ് സംഘത്തില്‍ 29  പേരും തൊടുപുഴ ന്യൂമാന്‍ കോളജില്‍ നിന്നാണ്. കേരളത്തില്‍ നിന്ന് ആകെ 174 കേ‍ഡറ്റുകളാണ് ക്യാംപിലുള്ളത്. ടീമിന്‍റെ കലാപ്രകടനങ്ങളും അരങ്ങേറി. ക്യാംപ് സന്ദര്‍ശിച്ച വ്യോമ സേന മേധാവി കേ‍ഡറ്റുകളെ അഭിനന്ദിച്ചു. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 2,406 കേഡറ്റുകളാണ് ക്യാംപില്‍ പങ്കെടുക്കുന്നത്.

ENGLISH SUMMARY:

NCC band Kerala presents parade at National War Memorial in Delhi. The 45-member band paid tribute to the soldiers, marking a proud moment for Kerala.