kerala

TOPICS COVERED

ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം. ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയായിരുന്നു കേരളത്തിന്‍റെ ടാബ്ലോ. 12 വർഷത്തിന് ശേഷമാണ് കേരളം റിപ്പബ്ലിക്  ദിന പരേഡിൽ മെഡൽ പട്ടികയിൽ ഇടം നേടുന്നത്.

മുപ്പതിലധികം ടാബ്ലോകളിൽ നിന്നാണ്  കൊച്ചി വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയിലെ നൂറു ശതമാനം നേട്ടവും എടുത്തു കാട്ടിയ ടാബ്ലോ തിരഞ്ഞെടുക്കപ്പെട്ടത്. 'സമൃദ്ധി കാ മന്ത്ര- ആത്മ നിർഭർ ഭാരത്' എന്ന തീമിലായിരുന്നു ടാബ്ലോ.  2023 ന് ശേഷം ആദ്യമായാണ് കേരളത്തിന് ടാബ്ലോയിൽ പ്രാതിനിധ്യം ലഭിക്കുന്നതു തന്നെ. 

ടാബ്ലോയിൽ 16 ഓളം കലാകാരന്മാർ അണിനിരന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്പെഷൽ സെക്രട്ടറിയും ഡയറക്ടറുമായ ടി.വി. സുഭാഷിൻ്റെ നേതൃത്വത്തിലാണ് ടാബ്ലോയുടെ ആശയവും നിർവഹണവും നിർവഹിച്ചത്. ന്യൂഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്‍റ് എഡിറ്റർ രതീഷ് ജോണിൻ്റെ  നേതൃത്വത്തിലാണ് ടാബ്ലോയുടെ നിർമ്മാണ പ്രവർത്തികൾ നടന്നത്. 

ടാബ്ലോയുടെ സംഗീതസംവിധാനം മോഹന്‍ സിതാരയാണ്. ഐ ആന്‍ഡ് പി. ആർ . ഡി ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. സന്തോഷാണ് ഗാനരചയിതാവ്. ഗായകന്‍ കെ.എ.സുനില്‍. ടാബ്ലോയുടെ കലാകാരുടെ നൃത്തസംയോജനം നടത്തിയത് ജയപ്രഭ മേനോന്‍ ആണ്. 

ENGLISH SUMMARY:

Kerala's tableau secured third place in the Republic Day parade held in Delhi, highlighting its digital literacy achievements and the Kochi Water Metro. This marks a significant return to the medal list after a 12-year hiatus, with its unique theme 'Samriddhi Ka Mantra - Atmanirbhar Bharat' being selected from over thirty entries.