ചാനല്‍ ചര്‍ച്ചകളില്‍ സജീവമായ ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നതോടെ സോഷ്യല്‍ മീഡിയയിലാകെ ട്രോള്‍ പൂരം. റെജി ലൂക്കോസിന്‍റെ തന്നെ പഴയ പോസ്റ്റുകളും ബിജെപി നേതാക്കള്‍ക്കെതിരായ കമന്‍റുകളും കുത്തിപ്പൊക്കുന്ന തിരക്കിലാണ് ട്രോളന്മാര്‍. ഇതിലേറ്റവും ചര്‍ച്ച ചെയ്യപ്പെട്ടത് 2025 ഒക്ടോബര്‍ 27ന് റെജി ലൂക്കോസ് ഫെയ്സ്ബുക്കിലിട്ട ഒരു ഫോട്ടോയാണ്.
ഇവരില്‍ ആരാണ് തട്ടിപ്പില്‍ മുന്നിലെന്ന ക്യാപ്ഷനോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്‍റെയും, ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെയും ചിത്രങ്ങളാണ് റെജി ലൂക്കോസ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മുതലാളി ആണ് വലിയ തട്ടിപ്പുകാരൻ എന്ന് റെജി ലൂക്കോസിന് ബോധ്യപ്പെട്ടതിനെ തുടർന്ന് മുതലാളിക്ക് ശിഷ്യപ്പെടാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പരിഹസിച്ച് ഇതിനെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി.
റെജി ലൂക്കോസിനെ സഹയാത്രികനെന്ന് വിളിക്കരുതെന്നും, സിപിഎമ്മുകാരൻ തന്നെയായിരുന്നുവെന്നുമാണ് ഡിജിറ്റല്‍ കണ്ടന്‍റ് ക്രിയേറ്റര്‍ നിഷാന്‍ പരപ്പനങ്ങാടി ഫെയ്സ്ബുക്കില്‍ കുറിച്ചത്. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിനുള്ള പ്രതിനിധിയായി അയാളെ തെരഞ്ഞെടുത്തയച്ചത് സിപിഎമ്മിന്റെ കടുത്തുരുത്തി ഏരിയാ സമ്മേളനത്തിലാണ്. ഈ സന്തോഷം ഫെയ്‌സ്ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തയാളാണ് റെജി ഗ്ലൂക്കോസ്. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ച ചുരുക്കം ചില മാധ്യമ പ്രവർത്തകരിൽ ഒരാളാണ് റെജി.
''ഇന്നലെ കൂടി കണ്ടതേയുള്ളൂ, ഇന്ന് ഇങ്ങനെയൊരു ഗതി വരുമെന്ന് ആരറിഞ്ഞു..'' എന്ന് പലരും അപ്രതീക്ഷിതമായി മരിക്കുമ്പോൾ നമ്മൾ പറയാറുള്ള പോലെ, ''ഇന്നലെകൂടി സിപിഎമ്മിനുവേണ്ടി സംസാരിക്കാൻ ചാനൽ ചർച്ചകളിൽ കണ്ടതേയുള്ളൂ, ഇങ്ങനെയൊരു പോക്ക് ആര് കരുതി..''. ഇന്നലെയും ചാനൽ ചർച്ചകളിൽ ഉണ്ടായിരുന്നു എന്നുവെച്ചാൽ അതിനർത്ഥം, ബിജെപിയുമായി ചർച്ച നടത്തിയ ശേഷവും സിപിഎമ്മിന് വേണ്ടി നാവെടുത്ത് വെട്ടാനിറങ്ങി വന്നിരുന്നു എന്നർത്ഥം. സിപിഎമ്മുകാരൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപിക്ക് അങ്ങനെത്തന്നെ വേണം.! – നിഷാന്‍ ട്രോളുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് റെജി ലൂക്കോസിനെ ഷാളണിയിച്ച് സ്വീകരിച്ചത്. ഇനി ബിജെപിക്കൊപ്പമെന്നും ബിജെപിയുടെ ശബ്ദമായി പ്രവര്‍ത്തിക്കുമെന്നും റെജി ലൂക്കോസ് പറഞ്ഞു. ബിജെപിയുടെ വളര്‍ച്ച ഗംഭീരമായിരിക്കും. സിപിഎം മെമ്പർഷിപ്പ് ഉപേക്ഷിച്ചു. 35 വർഷം ഇടത് പക്ഷത്തിനൊപ്പം പ്രവർത്തിച്ചു. ടെലിവിഷനുകളിൽ ഇടത് പക്ഷത്തിനായി സംവദിച്ചു. ഇനി ബിജെപിയുടെ ആശയത്തോടൊപ്പം പ്രവർത്തിക്കും. ഇനിയും ബിജെപിയിലേക്ക് ഒഴുക്ക് ഉണ്ടാകും. സിപിഎം വർഗീയ വിഭജനത്തിന് ശ്രമിക്കുന്നെന്നും വാര്‍ത്താസമ്മേളനത്തില്‍ റെജി ലൂക്കോസ് അഭിപ്രായപ്പെട്ടിരുന്നു.