Untitled design - 1

TOPICS COVERED

ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നതിനെ ട്രോളി സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളും കമന്‍റുകളും. ഡിജിറ്റല്‍ കണ്ടന്‍റ് ക്രിയേറ്റര്‍ നിഷാന്‍ പരപ്പനങ്ങാടി ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് ഉപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. റെജി ലൂക്കോസിനെ സഹയാത്രികനെന്ന് വിളിക്കരുതെന്നും, സിപിഎമ്മുകാരൻ തന്നെയായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.

'സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിനുള്ള പ്രതിനിധിയായി അയാളെ തെരഞ്ഞെടുത്തയച്ചത് സിപിഎമ്മിന്റെ കടുത്തുരുത്തി ഏരിയാ സമ്മേളനത്തിലാണ്. ഈ സന്തോഷം ഫെയ്‌സ്ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തയാളാണ് റെജി ഗ്ലൂക്കോസ്. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ച ചുരുക്കം ചില മാധ്യമ പ്രവർത്തകരിൽ ഒരാളാണ് ഇയാൾ.

''ഇന്നലെ കൂടി കണ്ടതേയുള്ളൂ, ഇന്ന് ഇങ്ങനെയൊരു ഗതി വരുമെന്ന് ആരറിഞ്ഞു..'' എന്ന് പലരും അപ്രതീക്ഷിതമായി മരിക്കുമ്പോൾ നമ്മൾ പറയാറുള്ള പോലെ, ''ഇന്നലെകൂടി സിപിഎമ്മിനുവേണ്ടി സംസാരിക്കാൻ ചാനൽ ചർച്ചകളിൽ കണ്ടതേയുള്ളൂ, ഇങ്ങനെയൊരു പോക്ക് ആര് കരുതി..''. ഇന്നലെയും ചാനൽ ചർച്ചകളിൽ ഉണ്ടായിരുന്നു എന്നുവെച്ചാൽ അതിനർത്ഥം, ബിജെപിയുമായി ചർച്ച നടത്തിയ ശേഷവും സിപിഎമ്മിന് വേണ്ടി നാവെടുത്ത് വെട്ടാനിറങ്ങി വന്നിരുന്നു എന്നർത്ഥം.

സിപിഎമ്മുകാരൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപിക്ക് അങ്ങനെത്തന്നെ വേണം.!' – നിഷാന്‍ ട്രോളുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് റെജി ലൂക്കോസിനെ ഷാളണിയിച്ച് സ്വീകരിച്ചത്. ഇനി ബിജെപിക്കൊപ്പമെന്നും ബിജെപിയുടെ ശബ്ദമായി പ്രവര്‍ത്തിക്കുമെന്നും റെജി ലൂക്കോസ് പറഞ്ഞു. ബിജെപിയുടെ വളര്‍ച്ച ഗംഭീരമായിരിക്കും. സിപിഎം മെമ്പർഷിപ്പ് ഉപേക്ഷിച്ചു. 35 വർഷം ഇടത് പക്ഷത്തിനൊപ്പം പ്രവർത്തിച്ചു. ടെലിവിഷനുകളിൽ ഇടത് പക്ഷത്തിനായി സംവദിച്ചു. ഇനി ബിജെപിയുടെ ആശയത്തോടൊപ്പം പ്രവർത്തിക്കും. ഇനിയും ബിജെപിയിലേക്ക് ഒഴുക്ക് ഉണ്ടാകും. സിപിഎം വർഗീയ വിഭജനത്തിന് ശ്രമിക്കുന്നെന്നും വാര്‍ത്താസമ്മേളനത്തില്‍ റെജി ലൂക്കോസ് അഭിപ്രായപ്പെട്ടിരുന്നു. 

ENGLISH SUMMARY:

Regi Lukose's defection from CPM to BJP sparks social media debate. The digital creator Nishan Parappanangadi criticizes the move, highlighting Lukose's past affiliations with CPM and questioning the sudden shift in ideology.