kollam-milk

TOPICS COVERED

കൊല്ലത്ത് തന്റെ പശുക്കളുടെ പാൽ മാത്രം സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് സൊസൈറ്റിക്ക് മുൻപിൽ പ്രതിഷേധിച്ച യുവാവിനെതിരെ പരാതിയുമായി ക്ഷീരകര്‍ഷകന്‍ രംഗത്ത്. ചങ്ങനശേരി സ്വദേശി ബിജുവാണ് പരവൂർ സ്വദേശിയായ വിഷ്ണുവിനെതിരെ രംഗത്ത് വന്നത്. പശുക്കച്ചവടക്കാരനായ ഇയാള്‍ 10 ലിറ്റര്‍ പാല്‍ കിട്ടുമെന്ന് പറഞ്ഞ് വിഡിയോ അയച്ച് കൊടുത്ത് അത് കണ്ട് താന്‍ വാങ്ങുകയായിരുന്നുവെന്നും എന്നാല്‍‌ വിഡിയോ കാണിച്ച പശുവിനെയല്ലാ തനിക്ക് തന്നതെന്നും ഇയാള്‍ പറയുന്നു.

പത്ത് ലിറ്ററില്‍ മുകളില്‍ പാല്‍ കിട്ടുമെന്ന് പറഞ്ഞു. ഇപ്പോള്‍ ആകെ കിട്ടുന്നത് മൂന്ന് ലിറ്റര്‍ പാലാണ്

‘അവന്‍ നശിച്ച് പോവും, ഈ പശുവിന് പത്ത് ലിറ്ററില്‍ മുകളില്‍ പാല്‍ കിട്ടുമെന്ന് പറഞ്ഞു. ഇപ്പോള്‍ ആകെ കിട്ടുന്നത് മൂന്ന് ലിറ്റര്‍ പാലാണ്. അവനെ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല, ഇങ്ങനെ ആരെയും പറ്റിക്കരുത്’, ചങ്ങനശേരി സ്വദേശി ബിജുവിന്‍റെ പരാതി ഇങ്ങനെ.

കൊല്ലം പരവൂരിലെ കൂനയിൽ ക്ഷീരോൽപ്പാദക സംഘത്തിന്റെ മുന്നിലാണ് നേരത്തെ വിഷ്ണു പ്രതിഷേധിച്ചത്. പാൽ പിരിഞ്ഞുപോകുന്നുവെന്ന വിചിത്ര വാദം ഉന്നയിച്ച് തന്റെ പശുക്കളുടെ പാൽ മാത്രം സൊസൈറ്റി അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് യുവാവ് ആരോപിച്ചത്. എന്നാൽ, ഇപ്പോൾ യുവാവിന്റെ വാദങ്ങൾ തള്ളിക്കള‌ഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രദേശത്തെ മറ്റ് ക്ഷീരകർഷകർ. ഇയാൾ ക്ഷീരകർഷകനല്ലെന്നും മറിച്ച് പശുക്കച്ചവടമാണ് ഇയാളുടെ തൊഴിലെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.

‘കച്ചവടത്തിനായി തമിഴ്‌നാട്ടിൽ നിന്നും മറ്റുമാണ് ഇയാൾ പശുക്കളെ എത്തിക്കുന്നത്. ദിവസങ്ങളോളം കറക്കാതെ നിൽക്കുന്ന പശുക്കളാണതെല്ലാം. ആ പശുക്കളുടെ പാൽ പെട്ടെന്ന് പിരിയും. അത് സൊസൈറ്റിയിൽ സ്വീകരിക്കുമ്പോൾ അവിടെയുള്ള ബാക്കി പാൽ കൂടി പിരിഞ്ഞ് പോകുന്നു. ഏകദേശം അറുപതോളം കർഷകർ സൊസൈറ്റിയിൽ പാൽ നൽകുന്നുണ്ട്. ഒരു കാനിനുള്ളിൽ 40 ലിറ്റർ പാലാണ് ഉൾക്കൊള്ളുന്നത്. ഒന്നിൽ കൂടുതൽ കർഷകർ കൊണ്ടുവരുന്ന പാൽ ഒഴിക്കുമ്പോഴാണ് ഒരു കാൻ നിറയുന്നത്. അങ്ങനെയാകുമ്പോൾ ഒരാൾ കൊണ്ട് വരുന്നത് മോശം പാലാണെങ്കിൽ ബാക്കിയുള്ളത് മുഴുവൻ കേടാകുന്നു. ഇത് കണ്ടെത്തിയപ്പോൾ യുവാവിന് പ്രത്യേകം കാൻ നൽകിയിരുന്നു. അതിലുള്ള പാലും കേടായതോടെയാണ് പൊതുയോഗം കൂടി ഇനിമുതൽ ആ വ്യക്തിയുടെ പാൽ എടുക്കേണ്ടെന്ന് തീരുമാനിച്ചത്. അല്ലാതെ ആ തീരുമാനം സൊസൈറ്റി അധികൃതരുടേത് മാത്രമല്ല' മറ്റ് ക്ഷീരകർഷകർ പറയുന്നു.

ENGLISH SUMMARY:

Kerala dairy dispute involves a farmer protesting milk rejection at a society, countered by allegations of selling unfit milk from purchased cows. Other farmers claim his milk spoils the collective supply, leading to its rejection to safeguard the quality for sixty other farmers.