ഒരു വീട് നിറയെ ബോഗെയ്ന്‍ വില്ല പൂക്കള്‍. കണ്ണൂര്‍ ചുഴലി മാവിന്‍ചാലിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥനായ അഫ്സലിന്‍റെ വീട് ബോഗെയ്ന്‍വില്ല പൂക്കള്‍ക്ക് നടുവിലാണ്. ഉദ്യാനപ്രേമികളുടെ മനം കവരുകയാണ് പലനിറത്തിലുള്ള ഈ പൂന്തോട്ടം.
പല വര്‍ണങ്ങളില്‍ കടലാസുപൂക്കള്‍ വസന്തം തീര്‍ക്കുന്ന മുറ്റം. അഞ്ചു വര്‍ഷമായി അഫ്സല്‍ വീട്ടുമുറ്റം വര്‍ണലോകമാക്കിയിട്ട്. വീട്ടിലെത്തുന്നവരും വഴിയേ പോകുന്നവരും ബോഗെയ്ന്‍വില്ല തോപ്പിലേക്ക് കണ്ണോടിക്കാതിരിക്കാറില്ല. മകള്‍ റിസയ്ക്ക് എളുപ്പത്തില്‍ നിറങ്ങള്‍ തിരിച്ചറിയാന്‍ അഫ്സല്‍ ഉപയോഗിച്ച ബുദ്ധിയായിരുന്നു ബോഗെയ്ന്‍വില്ല . ഉപ്പയ്ക്കൊപ്പം റിസയും ചെടികള്‍ നടാനും പരിപാലിയ്ക്കാനും ഇന്ന് കൂട്ടാണ്.
വലിയ പരിചരണമില്ലാതെ വളര്‍ന്ന് നല്ല കാഴ്ചഭംഗി നല്‍കുന്ന പൂക്കളായതു കൊണ്ട് എല്ലാം എളുപ്പമാണ്. വേനലില്‍പോലും ചെടികള്‍ പൂത്തുനില്‍ക്കും. കൗതുകത്തില്‍ തുടങ്ങി ജീവിതത്തിന്‍റെ ഭാഗമായി മാറി അഫ്സലിനും കുടുംബത്തിനും ബോഗെയ്ന്‍വില്ല പൂക്കള്‍. അഫ്സലിന്‍റേത് വെറുമൊരു വീടല്ല, ഒരു ഉദ്യാനം തന്നെയെന്ന് കാഴ്ചക്കാര്‍ പറയും. പശ്ചിമബംഗാളില്‍ നിന്ന് എത്തിച്ച സൺറൈസ് വൈറ്റ്, ചില്ലി റെഡ്, ചില്ലി ഐസ്ക്രീം, ചോക്കോ ബ്രൗൺ തുടങ്ങി നൂറോളം വ്യത്യസ്ത ഇനങ്ങൾ ഈ പൂന്തോട്ടത്തെ മനോഹരമാക്കുന്നുണ്ട്