മുതിർന്ന പൗരന്മാർക്ക് താങ്ങും തണലുമായി തൃശൂരിൽ ഒരു കൂട്ടായ്മ. ഒഴിവു സമയങ്ങളിൽ ഒത്തുകൂടാനും സമയം ചിലവഴിക്കാനും ഒരു കേന്ദ്രം എന്ന നിലയ്ക്കാണ് ഈ കൂട്ടായ്മ വളർന്നത്.
വേലൂർ പഞ്ചായത്തിലെ വെള്ളാറ്റഞ്ഞൂർ എന്ന കാർഷിക ഗ്രാമത്തിൽ കഴിഞ്ഞ വർഷമാണ് മുതിർന്ന പൗരന്മാർക്കായി സൗഹൃദം കൂട്ടായ്മ ആരംഭിക്കുന്നത്. അമല മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ കീഴിലുള്ള റൂറൽ ഹെൽത്ത് ട്രെയിനിങ് സെന്ററിൻ്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച കൂട്ടായ്മ വീടുകളിൽ കഴിയുന്ന മുതിർന്ന പൗരന്മാർക്ക് താങ്ങും തണലും ആയി. ഇപ്പോഴും വിജയകരമായി മുന്നോട്ടു പോകുന്ന സൗഹൃദം കൂട്ടായ്മയുടെ ഒന്നാം വാർഷികവും കുടുംബ സംഗമവും നടത്തി. ആഘോഷത്തിൽ മുഖ്യാതിഥിയായി സിനിമ ആർട്ടിസ്റ്റ് ഡെയ്ൻ ഡേവിസ് പങ്കെടുത്തു.
മുതിർന്ന പൗരന്മാർക്കായി ഒട്ടേറെ പുത്തൻ ആശയങ്ങളാണ് അമല ആശുപത്രിയുടെ നേതൃത്വത്തിൽ ഈ കൂട്ടായ്മ നടത്തിവരുന്നത്. മൊബൈൽ ഫോൺ തുടങ്ങി കമ്പ്യൂട്ടർ വരെ ഉപയോഗിക്കാനും ഉന്നത വിദ്യാഭ്യാസം നൽകാനും അവരെ പ്രാപ്തരാക്കുന്നു.