കൂട്ടുകാരനെപ്പോലായിരുന്നു ലിനുവിന് താന്‍ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനങ്ങള്‍. എത്രദൂരത്തേക്കുള്ള യാത്രയായാലും കൂടെ കുട്ടൂം. ആസ്വദിച്ച് യാത്ര ചെയ്യും. ഒടുവില്‍ അത്തരത്തിലൊരു യാത്ര ലിനുവിന്‍റെ ജീവനെടുത്തത് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും തീരാനഷ്ടമായി. Read More: കുഞ്ഞുമക്കള്‍ക്കുള്ള ക്രിസ്മസ് സമ്മാനവുമായി ലിനു
പത്തനാപുരം പുന്നലയിലായിരുന്നു ലിനുവിന്‍റെ പ്രാഥമിക വിദ്യാഭ്യാസം. പിന്നെ ജോലി തേടി ബെംഗളുരുവിലേക്ക്. ദീര്‍ഘനാള്‍ അവിടെ ജോലിചെയ്തു. പലപ്പോഴും ബെംഗളുരുവില്‍ നിന്ന് പുന്നലയിലേക്കുള്ള യാത്ര ബൈക്കിലായിരുന്നു. വീട്ടുകാര്‍ വഴക്കു പറഞ്ഞാലും ലിനു തന്‍റെ ബൈക്ക് കമ്പം മാറ്റിവച്ചില്ല. രണ്ടു വര്‍ഷം മുന്‍പും ഒരു അപകടം ഉണ്ടായിരുന്നു. പിന്നാടാണ് ബൈക്ക് മാറ്റി യാത്രയ്ക്കായി സ്കൂട്ടര്‍ തിരഞ്ഞെടുത്തത്. ഇപ്പോള്‍ അപകടം പറ്റിയത് ഈ സ്കൂട്ടറില്‍ പത്തനാപുരത്തേക്കുള്ള യാത്രാ മധ്യേയാണ്.
ബെംഗളൂരുവിലെ ജോലി ഉപേക്ഷിച്ചാണ് ലിനു കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി നേടിയത്. എല്ലാ ക്രിസ്മസിനും മക്കള്‍ക്ക് സമ്മാനങ്ങളുമായാണ് ജോലിസ്ഥലത്തു നിന്ന് എത്താറുള്ളത്. ഇത്തവണയും ഗിഫ്റ്റ് ഉണ്ടെന്നു മക്കളെ അറിയിച്ചിരുന്നു. 15 വര്‍ഷം മുന്‍പായിരുന്നു വിവാഹം. രണ്ട് പെണ്‍മക്കളാണ്. പൊതുവെ ശാന്ത സ്വഭാവക്കാരനായ ലിനു എല്ലാവരോടും നല്ല സ്നേഹത്തിലായിരുന്നു. നാട്ടിലും എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടാറുള്ള ലിനു പള്ളിക്കാര്യങ്ങളിലും സജീവമായിരുന്നു. തമിഴ്നാട് സ്വദേശിയായ ഡെന്നിസ് ജോസഫ് ആണ് പിതാവ്. അമ്മ മണി. സഹോദരന്‍ ലിനേഷ് ചെന്നൈയില്‍ ജോലി ചെയ്യുന്നു.