payyannur-kids

കണ്ണൂര്‍ രാമന്തളിയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളായ അഞ്ചുവയസുകാരി ഹിമയും രണ്ടുവയസുകാരന്‍ കണ്ണനും നാടിന്‍റെ നൊമ്പരമാകുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഹിമയെയും കണ്ണനെയും വിഷം കൊടുത്ത് കൊന്ന ശേഷം പിതാവ് കലാധരനും കലാധരന്‍റെ അമ്മ ഉഷയും ജീവനൊടുക്കിയത്. കുടുംബ പ്രശ്നമാണ് കൂട്ടമരണത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കലാധരനും ഭാര്യയും തമ്മില്‍ അകന്ന് കഴിയുകയായിരുന്നു. കുട്ടികളെ ഭാര്യയ്ക്കൊപ്പം വിട്ടയയ്ക്കാന്‍ കോടതി വിധിച്ചതോടെയാണ് മക്കളെ കൊന്ന് അച്ഛന്‍ ജീവനൊടുക്കിയത്. കലാധരനെയും മക്കളെയും ഭാര്യ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. 

കുട്ടികള്‍ കലാധരനൊപ്പം നില്‍ക്കാനാണ് താല്‍പര്യപ്പെട്ടതെന്നും എന്നാല്‍ കുട്ടികളെ വിട്ടുകിട്ടാന്‍ യുവതി നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും ഈ പ്രശ്നങ്ങളാണ് ജീവനൊടുക്കാന്‍ കാരണമായതെന്നും ബന്ധുവായ ബാലു മാധ്യമങ്ങളോട് വെളിപ്പെടുത്തി. 'കുട്ടികള്‍ കടുത്ത ബുദ്ധിമുട്ടാണ് അമ്മയുടെ വീട്ടില്‍ നേരിട്ടത്. അവര്‍ക്ക് ഭക്ഷണമോ, നല്ല വസ്ത്രമോ നല്‍കില്ലായിരുന്നു. ഇവിടെ വന്നിട്ടാണ് മക്കള്‍ ആഹാരം കഴിച്ചിരുന്നത്. അവര്‍ ഇവിടെ വളര്‍ന്ന മക്കളാണ്. അമ്മയ്ക്കൊപ്പം പോകണമെന്ന് കലാധരന്‍ പറഞ്ഞപ്പോള്‍ എനിക്ക് പോവണ്ട അച്ഛാ,പോയാല്‍ അവര് കൊല്ലുമെന്നായിരുന്നു മകള്‍ ഹിമ പറഞ്ഞതെന്നും ബാലു വെളിപ്പെടുത്തുന്നു. അയല്‍വാസികളോട് ചോദിച്ചാലും ഇക്കാര്യങ്ങള്‍ അറിയാമെന്നും ബാലു കൂട്ടിച്ചേര്‍ത്തു. 

ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ഉഷയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തി വിളിച്ചിട്ടും ആരും കതക് തുറന്നില്ല. സിറ്റൗട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കതക് ബലമായി തുറന്നതോടെയാണ് നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസിന് കൈമാറുകയായിരുന്നു. കുടുംബപ്രശ്നം രൂക്ഷമായിരുന്നുവെന്നും പൊതുപ്രവര്‍ത്തകരടക്കം പരിഹരിക്കുന്നതിനായി ഇടപെട്ടുവെന്നുമാണ് വിവരം. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

ENGLISH SUMMARY:

The Ramanthali family suicide case in Kannur has left the community in shock. Relatives reveal that 5-year-old Hima pleaded not to be sent back to her mother before father Kaladharan poisoned the kids and ended his life. The tragedy was triggered by a court order to return the children to their mother. Police have recovered a suicide note citing family disputes.