sathyan-sreeni

ഒന്നും പ്രതികരിക്കാനാവാത്ത അവസ്ഥയെന്ന് ശ്രീനിവാസന്റെ മരണവാര്‍ത്തയറിഞ്ഞ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ശ്രീനിവാസനുമായുള്ള ബന്ധം അത്രമേല്‍ പ്രിയപ്പെട്ടതും ആഴമേറിയതുമാണ്. രണ്ടാഴ്ച കൂടുമ്പോള്‍ ശ്രീനിവാസനെ കാണാന്‍ വീട്ടില്‍ പോകും, രാവിലെ മുതല്‍ വൈകുന്നേരം വരെ അദ്ദേഹത്തിനൊപ്പം സംസാരിച്ചിരിക്കുമായിരുന്നെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. Also Read: സമൂഹത്തിന്‍റെ കണ്ണാടികളായ തിരക്കഥകള്‍; ചിരിച്ചുകൊണ്ട് വിമര്‍ശിച്ച ‘ശ്രീനി ടച്ച്’...



മിനിഞ്ഞാന്നും അദ്ദേഹത്തെ വിളിച്ച് സംസാരിച്ചിരുന്നു. ഇടയ്ക്ക് ഒന്നു വീണതായും അതിനെത്തുടര്‍ന്ന് സര്‍ജറി നടത്തിയിരുന്നെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. മിനിഞ്ഞാന്ന്് വിളിച്ചപ്പോള്‍ ഇരുന്നു തുടങ്ങിയെന്നും വോക്കറില്‍ നടക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ശ്രീനിവാസന്‍ പറഞ്ഞു. 

വയ്യാതിരിക്കുമ്പോഴും അദ്ദേഹത്തിന്റെ ബുദ്ധിയും തലച്ചോറും ചിന്തയുമെല്ലാം വളരെ ഷാര്‍പ് ആയിരുന്നെന്നും കഴിഞ്ഞ ദിവസം തനിക്കു മതിയായെന്ന് പറഞ്ഞെന്നും സത്യന്‍ അന്തിക്കാട് ഓര്‍ത്തെടുത്തു. കാണുമ്പോഴെല്ലാം അദ്ദേഹത്തെ കൂടുതല്‍ പോസിറ്റീവ ്ആക്കാന്‍ ശ്രമിക്കുമായിരുന്നു. വയ്യാതിരിക്കുന്നതൊന്നും സാരമില്ല, നമുക്ക് തിരിച്ചുവരാവുന്നതേയുള്ളൂവെന്ന് പറഞ്ഞു. ഈ തിരഞ്ഞെടുപ്പുകാലത്തും സന്ദേശം സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചെന്നും അദ്ദേഹം വിതുമ്പിക്കൊണ്ട് പറയുന്നു. Also Read: 

സ്നേഹത്തിന്‍റെ സ്വാതന്ത്ര്യം എനിക്ക് ശ്രീനിയോട് എക്കാലവും; വലിയ സങ്കടമെന്ന് മോഹന്‍ലാല്‍


മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. മലയാള സിനിമകളിലെ പല മാമൂലുകളും തകര്‍ത്ത നടനായിരുന്നു ശ്രീനിവാസന്‍‌. കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു. തന്റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതിൽ വിജയിച്ച ചലച്ചിത്രകാരൻ കൂടിയാണ് ശ്രീനിവാസനെന്നും ശ്രീനിയുടെ സിനിമകളിലെ കഥാപാത്രങ്ങൾ മലയാളിയുടെ മനസ്സിൽ എക്കാലവും മായാതെ നിൽക്കുമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതം അവസാനിപ്പിച്ചാണ് മഹാനടന്‍ യാത്രയാകുന്നത്.  സംസ്കാരം നാളെ രാവിലെ 10ന് എറണാകുളം കണ്ടനാട്ടെ വീട്ടുവളപ്പില്‍ നടത്തും. ഭൗതിക ശരീരം എറണാകുളം ടൗണ്‍ ഹാളില്‍ ഇന്ന് ഒരുമണി മുതല്‍ മൂന്നുമണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും.

ENGLISH SUMMARY:

Sreenivasan's death is a great loss to Malayalam cinema. The actor, known for his unique style and social commentary, will be remembered for his contributions to the industry.