സമകാലിക ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഏടുകളായിരുന്നു മലയാളസിനിമയില്‍ ശ്രീനിവാസന്‍റെ തിരക്കഥകള്‍. കാല്‍പ്പനികതയും നാടകീയതയും അതിവൈകാരികതയും അരങ്ങുവാണിരുന്ന തിരക്കഥാലോകത്ത് തികച്ചും വേറിട്ട വഴികളിലൂടെ നടന്നുകയറിയ ചലച്ചിത്രകാരനായിരുന്നു ശ്രീനിവാസന്‍. അതുകൊണ്ട് തന്നെയാണ് തന്‍റെ ഓരോ വരിയിലും ഒരു ശ്രീനി ടച്ച് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞത്.
നാടകവേദിയില്‍നിന്നും തിരക്കഥാരംഗത്തേക്കെത്തിയ തോപ്പില്‍ഭാസി, എസ്.എല്‍പുരം സദാനന്ദന്‍ എന്നിവര്‍... ക്ലാസിക് രചനകളുടെ സൗന്ദര്യം തിരക്കഥകളിലേക്കും ആവാഹിച്ച എം.ടി വാസുദേവന്‍ നായര്‍, ശ്രീകുമാരന്‍ തമ്പി, പി. പത്മരാജന്‍... മൂര്‍ച്ചയേറിയ രാഷ്ട്രീയ തലങ്ങളിലേക്കും തീപ്പൊരി ചിന്തകളിലേക്കും കടന്നുകയറിയ ടി.ദാമോദരന്‍ ... അതൊന്നുമല്ലാത്ത സ്വതസിദ്ധമായൊരു ശ്രീനി ടച്ചുമായാണ് ആ മനുഷ്യന്‍ കസേര വലിച്ചിട്ടത്. അദ്ദേഹത്തിന്‍റെ രചനകളില്‍ അതിഭാവുകത്വമോ ഫാന്റസിയോ അച്ചടി സംഭാഷണങ്ങളോ ഒന്നും കടന്നുവന്നില്ല. പച്ചയായ മനുഷ്യര്‍ ഇടപെടുന്ന കഥാവഴികളാണ് ആ പേനയിലൂടെ ജീവന്‍ വെച്ചത്. സാധാരണക്കാരായ മനുഷ്യരുടെ ജീവിതവും പ്രശ്നങ്ങളും ചിന്തകളുമാണ് ശ്രീനിവാസന്‍ പറഞ്ഞവയത്രയും. അതുകൊണ്ട് തന്നെ അച്ചടിഭാഷയില്‍ ശ്രീനിവാസന്‍റെ മനുഷ്യര്‍ക്കൊരിക്കലും സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആക്ഷേപഹാസ്യത്തിന്‍റെ മേമ്പൊടിയില്‍ സമകാലിക രാഷ്ട്രീയ കാപട്യങ്ങള്‍ക്കും തൊഴിലില്ലായ്മയ്ക്കും കുടുംബബന്ധങ്ങള്‍ക്കുമെല്ലാം ശ്രീനിവാസന്‍ മലയാളസിനിമ അതുവരെ കണ്ടുശീലിച്ചിട്ടില്ലാത്ത ദൃശ്യരൂപങ്ങള്‍ നല്‍കി.
സത്യന്‍ അന്തിക്കാട്–ശ്രീനിവാസന്‍ കൂട്ടുകെട്ടിലൂടെയാണ് മലയാളസിനിമ നാട്ടുവഴികളിലൂടെ മണ്ണിന്‍റെ മണമുള്ള മനുഷ്യര്‍ക്കൊപ്പം സഞ്ചരിക്കാന്‍ പഠിപ്പിച്ചത്. അവരോരുത്തരും അതത് കാലത്തിന്‍റെ പ്രതിസന്ധികളും പ്രശ്നങ്ങളും നമ്മളോട് സംസാരിച്ചു. രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന ദാരിദ്ര്യത്തിന്‍റെ സങ്കടക്കഥകളെ ചിരിപ്പിച്ചുകൊണ്ട് പറഞ്ഞ ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ് എന്നിവ സാമൂഹ്യ യാഥാര്‍ഥ്യങ്ങളിലേക്കുള്ള വലിയ കണ്ണാടികളായി. ഇന്നും പ്രസക്തി ചോര്‍ന്നിട്ടില്ലാത്ത വരവേല്‍പ്പ്, വെള്ളാനകളുടെ നാട് എന്നിവയുടെ സാമൂഹ്യവിമര്‍ശനത്തിന്‍റെ മൂര്‍ച്ച, ദാമ്പത്യത്തിന്‍റെയും കുടുംബബന്ധങ്ങളുടെയും സങ്കീര്‍ണതകള്‍ പറഞ്ഞ മിഥുനം ഇവയൊന്നും രസിപ്പിച്ച് മാത്രം കടന്നുപോയവയല്ലാതാകുന്നത് ശ്രീനിസന്‍ എന്ന തിരക്കഥാകൃത്തിന്‍റെ സാമൂഹ്യനിരീക്ഷണമികവ് കൊണ്ട് തന്നെയാണ്. പ്രിയദര്‍ശന്‍–ശ്രീനി കൂട്ടുകെട്ടും പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് ഏറെ ചിന്തിപ്പിച്ചു. അവയിലെ ചിരിക്കാഴ്ചകളൊന്നും വെറും കോമാളിത്തങ്ങളായിരുന്നില്ല.
മനുഷ്യമനസ്സിന്‍റെ സൂക്ഷ്മതലങ്ങളിലേക്ക് ടോര്‍ച്ചടിച്ചാണ് ശ്രീനിവാസന്‍ ആദ്യമായി സംവിധാനക്കുപ്പായമണിഞ്ഞത്. ‘വടക്കുനോക്കിയന്ത്ര’ത്തിലെ തളത്തില്‍ ദിനേശന്‍ എത്ര ശരിയാക്കിയാലും ശരിയാകാത്ത ചില മനോവൈകല്യങ്ങളുടെ ആള്‍രൂപമാണ്. ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടങ്ങള്‍ക്ക് താത്ത്വിക പരിവേഷത്തിന്‍റെ മുഖംമൂടിയണിയുന്ന ‘ ചിന്താവിഷ്ടയായ ശ്യാമള’യുടെ വിജയന്‍മാഷിനെ ഇന്നും നമുക്കിടയില്‍ കണ്ടുമുട്ടാനാകും. അങ്ങനയങ്ങനെ ചുറ്റിലുമുള്ള സമൂഹത്തിന്‍റെ വൈകല്യങ്ങളെനോക്കി കള്ളത്തരങ്ങളെ ചൂണ്ടി ഊറിയൂറി ചിരിച്ചാണ് ശ്രീനിവാസന്‍ എന്ന സിനിമാക്കാരന്‍ നമുക്കിടയില്‍ നിന്ന് കടന്നുപോകുന്നത്.