sreeni-movies

‘ഞാനൊരു ബുദ്ധിജീവിയേയല്ല. ഞാൻ കണ്ട ജീവിതങ്ങളാണ് സിനിമയ്ക്കു വിഷയമായിട്ടുള്ളത്’. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പുരസ്കാരദാന വേദിയില്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണിത്. വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശനും ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയനും തലയണമന്ത്രത്തിലെ സുകുമാരനും സന്ദേശത്തിലെ പ്രഭാകരന്‍ കോട്ടപ്പിളളിയുമെല്ലാം താന്‍ കണ്ട പച്ചയായ ജീവിതങ്ങളാണെന്ന് ശ്രീനിവാസന്‍ പറഞ്ഞുവയ്ക്കുന്നു. 69ാം വയസില്‍ ചെയ്തുവച്ച കഥാപാത്രങ്ങളെല്ലാം ബാക്കിയാക്കി അരങ്ങൊഴിയുമ്പോള്‍ മലയാളസിനിമാലോകത്തിന് നഷ്ടമാകുന്നത് ശ്രീനി എന്ന അഭിനേതാവിനെ മാത്രമല്ല മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് അല്‍ഭുതപ്രതിഭയെക്കൂടിയാണ്. 

മുകൾത്തട്ടിലുള്ളവരുടെ ജീവിതം സങ്കൽപിക്കാനാകാത്തതിനാലാണ് സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ജീവിതം സിനിമയ്ക്കു വിഷയമാക്കിയതെന്നും ശ്രീനിവാസന്‍ പറയുന്നു. ശ്രീനിവാസന്‍റെ ഒട്ടുമിക്ക വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്‍റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്‌. പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്‍റെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനി സിനിമകളുടെ പ്രത്യേകതയാണ്. ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ കാണുന്ന സാധാരണ മനുഷ്യജീവിതങ്ങളെ ശ്രീനി ചിത്രങ്ങളില്‍ കാണാം. സാമൂഹിക പ്രശ്നങ്ങളെ അതിന്‍റെ എല്ലാ ഗൗരവത്തോടും കൂടി പ്രേക്ഷകരിലേക്ക് എത്തിക്കുമ്പോഴും ശ്രീനിയുടെ തൂലികയില്‍ നിന്നും മികച്ച കോമഡി എന്‍റര്‍ടെയ്നിങ് ചിത്രങ്ങളും പിറന്നു. അതിന് ഉത്തമ ഉദാഹരണമാണ് ബോയിങ് ബോയിങ്.

‌വെളളാനകളുടെ നാട്, സന്ദേശം, മിഥുനം പോലുള്ള ശ്രീനിചിത്രങ്ങള്‍  അതിശക്തമായ സമൂഹ്യവിമര്‍ശനങ്ങളാണ് . നമ്മുടെ ചുറ്റുവട്ടത്തുള്ളവരാണീ കഥാപാത്രങ്ങള്‍. പലപ്പോഴും നമുക്ക് നേരിട്ട് പറയാന്‍ കഴയാത്തത്  ഒരു വളച്ചുകെട്ടുമല്ലാതെ ശ്രീനി ഇവരോട് നേരിട്ടങ്ങ് പറയും.  പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പറയുന്ന സന്ദേശത്തിലെ സഖാവ് കോട്ടപ്പിളളി ഇന്നും നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. ദാരിദ്രത്തിന്‍റെ പടുകൂഴിയില്‍ വീണുകിടക്കുമ്പോഴും ആരോടും പരാതി പറയാതെ ജീവിക്കാന്‍ പാടുപെടുന്ന ബാര്‍ബര്‍ ബാലന്‍, നര്‍മം കലര്‍ന്ന സംഭാഷണങ്ങള്‍ കൊണ്ടും അഭിനയമികവ് കൊണ്ടും ശ്രീനിവാസന്‍ മനോഹരമാക്കിയ കഥാപാത്രങ്ങളിലൊന്നാണ്. 

കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ മൊയ്തൂട്ടി ഹാജി, ഒരു മറവത്തൂര്‍ കനവിലെ മരുത്, ഗോളാന്തര വാര്‍ത്തയിലെ കാരക്കൂട്ടില്‍ ദാസന്‍, അക്കരെ അക്കരെ അക്കരെ എന്ന ചിത്രത്തിലെ സിഐഡി ദാസന്‍, ടി പി ബാലഗോപാലന്‍ എം എയിലെ അഡ്വക്കേറ്റ് രാമകൃഷ്ണന്‍, അഴകിയ രാവണനിലെ അമ്പുജാക്ഷന്‍, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ മാധവന്‍, ഉദയനാണ് താരത്തിലെ രാജപ്പൻ തെങ്ങുമ്മൂട് (സരോജ് കുമാർ) എന്നിങ്ങനെ ശ്രീനി എഴുതിയും അഭിനയിച്ച് അനശ്വരമാക്കിയതുമായ കഥാപാത്രങ്ങള്‍ എന്നും മലയാള സിനിമാചരിത്രത്തെ കള്‍ട്ട് ക്ലാസിക് വിഭാഗത്തില്‍ ഇടംപിടിച്ചുകഴിഞ്ഞവയാണ്. കാലമെത്ര കഴിഞ്ഞാലും തളത്തില്‍ ദിനേശനും കാരക്കൂട്ടില്‍ ദാസനും വിജയന്‍ മാഷുമെല്ലാം നമുക്കിടയില്‍ ജീവിക്കും. ഈ കഥാപാത്രങ്ങളിലൂടെയും അവ മുന്നോട്ടുവയ്ക്കുന്ന സന്ദേശങ്ങളിലൂടെയും ശ്രീനിവാസന്‍ എന്ന അതുല്യപ്രതിഭ എക്കാലവും ഓര്‍മിക്കപ്പെടും. മലയാളത്തിന്‍റെ 'ശ്രീനി'യ്ക്ക് വിട...

ENGLISH SUMMARY:

Sreenivasan's legacy in Malayalam cinema is marked by his portrayal of relatable characters and socially relevant themes. His films blended humor with insightful commentary, leaving an indelible mark on Malayalam cinema.