കെഎസ്ആർടിസി ബസ് യാത്രക്കിടെ യാത്രക്കാരന് നഷ്ടപ്പെട്ട ഒരു ലക്ഷം രൂപ കണ്ടെത്തി നൽകി കണ്ടെക്ടർ. തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശിയായ ഹമീദ്കുട്ടി വീട് നിർമ്മാണത്തിനായി സ്വരൂപിച്ച പണമായിരുന്നു ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. ബാഗ് നഷ്ടപ്പെട്ട ഹമീദ് കിഴക്കേക്കോട്ട സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിലാണ് ആദ്യം പരാതിയുമായെത്തിയത്.
ഡ്യൂട്ടി സ്റ്റേഷൻമാസ്റ്റർ ഹമീദിനെ സമാധാനിപ്പിക്കുകയും, അദ്ദേഹത്തിന്‍റെ ഷർട്ടിന്‍റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ടിക്കറ്റിൽ നിന്ന്, ബസ് നമ്പരും ഷെഡ്യൂളും കണ്ടെത്തി. തുടര്‍ന്ന് കണ്ടക്ടറെ ഫോണിൽ ബന്ധപ്പെട്ടു. കിഴക്കേകോട്ട - വെട്ടുകാട് റൂട്ടില്‍ ഓടുയിരുന്ന നെയ്യാറ്റിൻകര ഡിപ്പോയിലെ ബസിലായിരുന്നു ഹമീദ് യാത്ര ചെയ്തിരുന്നത്.
ബസലെ കണ്ടക്ടര്‍ അജയ് കിരണോട് സ്റ്റേഷന്‍ മാസ്റ്റര്‍ ബാഗ് നഷ്ടപ്പെട്ട വിവരം അറിയിച്ചു. അജയ് ബസില്‍ നടത്തിയ പരിശോധനയിൽ സീറ്റിന് താഴെ നിന്ന് ഒരു പ്ലാസ്റ്റിക് കവർ കണ്ടെത്തി. കവറില്‍ ഒരുലക്ഷം രൂപയുണ്ടെന്ന് ഉറപ്പിക്കുകയും ചെയ്തു. ഇക്കാര്യം ഉടൻ കണ്ടക്ടർ കിഴക്കേകോട്ട യൂണിറ്റിലറിയിച്ചു. വൈകിട്ട് സിറ്റി യൂണിറ്റിൽ വച്ച് എടിഒ സിപി പ്രസാദിന്റെ സാന്നിദ്ധ്യത്തിൽ കണ്ടക്ടർ അജയ് കിരൺ തന്നെയാണ് ഒരു ലക്ഷം രൂപ ഹമീദ് കുട്ടിക്ക് കൈമാറിയത്.
ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ ബിവൈ രാജേഷ്,സ്റ്റേഷൻമാസ്റ്റർ എൻകെ രഞ്ജിത്ത്, വെഹിക്കിൾ സൂപ്പർവൈസർ രാജേന്ദ്രൻ, ബിടിസി കോഓർഡിനേറ്റർ കെ ബിനുകുമാർ, ജനേഷ്, സിറാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു .അജയ് കിരണിനെ കെഎസ്ആർടിസി സിഎംഡി പിഎസ് പ്രമോജ് ശങ്കർ അനുമോദിച്ചു.