ഒരു എം.എൽ.എ ആയ രാഹുലിനെ യാതൊരു നിയമപരമായ മാനദണ്ഡങ്ങളും പാലിക്കാതെ, എഫ്.ഐ.ആർ പോലും നിലനിൽക്കാത്ത കേസിൽ അറസ്റ്റ് ചെയ്തത് രാഷ്ട്രീയമായി തകർക്കാൻ വേണ്ടിയായിരുന്നുവെന്ന് ഡിജിറ്റൽ കണ്ടൻറ് ക്രിയേറ്റർ വിദ്യ ജോബിൻ. 18 ദിവസം ഒരു ചെറുപ്പക്കാരൻ ജയിലിൽ കിടന്നു. അത് ആഘോഷിച്ചവർക്ക് ഇന്ന് മിണ്ടാട്ടമില്ലെന്നും അവർ ലൈംഗികാരോപണക്കേസുകളിൽ രാഹുലിനെ പിന്തുണച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ കുറിച്ചു.
'രാഹുലിനെതിരെ എഴുതിയ വ്യാജ എഴുത്തുകാരി സംസ്ഥാനം വിട്ടു. ഒന്ന് ആലോചിച്ചു നോക്കൂ, എത്ര പെട്ടെന്നാണ് ഒരു ചെറുപ്പക്കാരന്റെ ജീവിതം ആർക്കോ വേണ്ടി ഇവർ ചേർന്ന് തകർത്തത്. ഈ വിഷയത്തിൽ പൊലീസ് സംവിധാനം അമ്പാടെ പരാജയപ്പെട്ടു. അധികാരം രാഷ്ട്രീയ വൈരാഗ്യത്തിന് ഉപയോഗപ്പെടുത്തി. രാഹുലിനെതിരെ ഉയർന്ന എല്ലാ പരാതികളും കോടതി തന്നെ തള്ളി. അതിനർഥം വ്യക്തമാണ്, ഇതെല്ലാം ആർക്കോ വേണ്ടി എഴുതിയ തിരക്കഥയാണ്'. - അവര്‍ വ്യക്തമാക്കുന്നു.
ഒരു കൂട്ടം ആളുകൾ ചേർന്ന് നടത്തിയ സൂക്ഷ്മമായ ഗൂഢാലോചനയാണ്. ഇനി നിന്റെ ദിവസങ്ങൾ ആണ്, തിരിച്ചു വരണം, പഴയതിലും കൂടുതൽ ആർജവത്തോടെ എന്ന് പറഞ്ഞാണ് വിദ്യ ജോബിൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള നീക്കം രാഷ്ട്രീയ പ്രതികാരത്തിന്റെ അശ്ലീല മുഖമാണെന്ന വാദവുമായി അഡ്വ. വിവിത ബാബുവും രംഗത്തെത്തി. അദ്ദേഹത്തെ അയോഗ്യനാക്കാൻ സർക്കാർ നടത്തുന്ന നീക്കങ്ങൾ ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പറയാതെ വയ്യ. ഈ നീക്കം തികച്ചും അപലപനീയവും രാഷ്ട്രീയ ശത്രുതയുടെ ഏറ്റവും മോശമായ ഉദാഹരണവുമാണെന്നും അവർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. നിയമപരമായ വസ്തുതകൾ ആദ്യം ചൂണ്ടിക്കാട്ടാം.
രാഹുലിന് നേരെ ഉയർന്നിട്ടുള്ളത് ആരോപണങ്ങൾ മാത്രമാണ്. ഏതെങ്കിലും സ്ത്രീയെ ബലമായി തട്ടിക്കൊണ്ടുപോയെന്നോ, ചതിയിൽപ്പെടുത്തി പീഡിപ്പിച്ചെന്നോ ഉള്ള ഗുരുതരമായ ക്രിമിനൽ പശ്ചാത്തലം അദ്ദേഹത്തിനില്ലെന്നും വിവിത ബാബു അവകാശപ്പെടുന്നു.