നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം തിരുവനന്തപുരം മേയറായിരുന്ന ആര്യ രാജേന്ദ്രനെതിരെ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോഴിതാ ആര്യ രാജേന്ദ്രനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദു. കോർപ്പറേഷനിലെ സിപിഎമ്മിന്‍റെ പരാജയം ആര്യ രാജേന്ദ്രന്‍റെ ധാർഷ്ട്യത്തിനുള്ള മറുപടിയാണെന്നാണ് ആര്യക്കെതിരെ നിയമ പോരാട്ടം നടത്തുന്ന യദു പറയുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെടുകയും എന്‍ഡിഎ ഭരണം ഉറപ്പിക്കുകയും ചെയ്തതോടെ ആര്യക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
അവസാനമായി തന്നെ ഫോണിൽ വിളിച്ചപ്പോൾ കോടതിയിൽ പോയി നീതി നേടിക്കോളൂ എന്നാണ് പറഞ്ഞതെന്നും പോലീസ് അവർക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നത്. അന്വേഷണത്തിൽ എനിക്ക് വിശ്വാസമില്ലെന്നും യദു പറഞ്ഞു.
'ജനങ്ങളെ ഒരു വിലയില്ലാതെ കാണുന്ന സ്വഭാവമാണ് അവർക്ക്. അന്ന് എന്നോട് കാണിച്ചത് കണ്ടില്ലേ. മുന്നോട്ട് പോകാൻ അതിന് മാറ്റംവരണം. ഇവരുടെ പ്രവൃത്തികളിലും ധാർഷ്ട്യത്തിലും ജനങ്ങൾക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നോട് മാത്രമല്ല, മുൻപ് വേറൊരു സെക്യൂരിറ്റിയോടും മോശമായി പെരുമാറി. ജനങ്ങൾക്ക് അവരുടെ സ്വഭാവം മനസ്സിലായിക്കാണും. ആ കേസിൽനിന്നുപോലും പോലീസ് അവരുടെ പേര് ഒഴിവാക്കി. എന്നെ പിന്തുണയ്ക്കാൻ ആരുമില്ലായിരുന്നുവെന്നും യദു പറഞ്ഞു.