ഇടത് സർക്കാരിന്‍റെ കാലാവധി അവസാനിക്കാനിരിക്കെ എല്ലാവർക്കും വാരിക്കോരി കൊടുത്തിട്ടും ഒന്നും കിട്ടാതെ KSRTC പെൻഷൻകാർ . 15 വർഷമായി പെൻഷൻ പരിഷ്കരണം നടന്നിട്ടില്ല. കഴിഞ്ഞ ജനുവരിയിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്തപ്പോൾ ഒരാഴ്ചക്കുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന വാഗ്ദാനം നടപ്പിലായില്ല. വീണ്ടും ശക്തമായ സമരവുമായി രംഗത്തിറങ്ങുകയാണ് KSRTC പെൻഷൻകാർ .
43,000 പെൻഷൻകാരാണ് KSRTC യിൽ ഉള്ളത്. LDF സർക്കാരിൻ്റെ അവസാന കാലമായപ്പോൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ ജീവനക്കാർക്കും മറ്റു പെൻഷൻകാർക്കും വാരിക്കോരിക്കൊടുത്തെങ്കിലും KSRTC പെൻഷൻകാരോട് അവഗണനയായിരുന്നു സർക്കാരിന്. 2011ലാണ് ഏറ്റവും ഒടുവിൽ പെൻഷൻ പരിഷ്കരണം നടന്നത്. 15 വർഷമായിട്ട് പെൻഷൻ വർധിപ്പിച്ചിട്ടില്ല. ക്ഷേമ പെൻഷൻ 2000 രൂപയാക്കി വർധിപ്പിച്ചപ്പോഴും 1350 രൂപമാത്രം കിട്ടുന്ന 3500 പെൻഷൻകാർ KSRTCയിലുണ്ട്.
86 % ക്ഷാമാശ്വാസം കുടിശികയാണ്. പെൻഷൻ പരിഷ്കരണം നടത്തണമെന്നും ഡിആർ കുടിശിക മാർച്ച് അവസാനിക്കുന്നതിന് മുൻപ് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടും സർക്കാർ നടപടിയൊന്നുമില്ല. പെൻഷൻകാർ സമരം ശക്തമാക്കിയപ്പോൾ 2025 ജനുവരിയിൽ LDF കൺവീനർ ഇടപെട്ട് ഒരാഴ്ചക്കുള്ളിൽ പ്രശ്നപരിഹാരം ഉണ്ടാക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.പെൻഷൻകാരിൽ ഭൂരിപക്ഷവും ഇടത് അനുകൂല സംഘടനകളിൽ അംഗങ്ങൾ ആയിരുന്നിട്ടും സർക്കാർ കനിയുന്നില്ല. സമരം കൂടുതൽ ശക്തമാക്കാനാണ് പെൻഷൻകാരുടെ തീരുമാനം. വിവിധ ഡിപ്പോകളിലും സെക്രട്ടേറിയറ്റിനു മുന്നിലും പ്രതിഷേധ സമരങ്ങൾ നടത്തും.