ദേശീയ പാത നിർമാണത്തിന്‍റെ പേരിൽ വേമ്പനാട് കായലിൽ പാതിരാമണൽ ദ്വീപിനു സമീപം അനധികൃത മണൽ ഖനനം . സർക്കാർ അനുമതി ലഭിക്കും മുൻപ് ഖനനം തുടങ്ങി. പുതിയ അനുമതി ഇല്ലാതെ 2024ലെ പഴയ ഉത്തരവിന്‍റെ മറവിൽ നടക്കുന്ന ഖനനം മണൽക്കടത്തിന് വേണ്ടിയാണെന്ന സംശയം ഉയരുന്നുണ്ട്
വേമ്പനാട്ട് കായലിന് നടുവിൽ അപൂർവ ജൈവവൈവിധ്യങ്ങളുടെ കേന്ദ്രമാണ് പാതിരമണൽ ദ്വീപ്. ദ്വീപിൽ നിന്ന് 50 മീറ്ററോളം അകലത്തിലാണ് രാവും പകലും യന്ത്രങ്ങൾ ഉപയോഗിച്ച് മണൽ ഖനനം. മൂന്നര ലക്ഷം ക്യുബിക് മീറ്റർ മണ്ണാണ് പാതിര മണൽ ദ്വീപിന് സമീപത്ത് നിന്ന് ഖനനം ചെയ്യാൻ അനുമതി തേടിയിരിക്കുന്നത്. അനുമതി നൽകിയതായി ജലവിഭവ വകുപ്പിനോ ജില്ലാ ഭരണകൂടത്തിനോ അറിയില്ല. ഒരാഴ്ച മുൻപ് ഖനനം തുടങ്ങി.ഇന്നലെ ജില്ലാ വികസന സമിതി യോഗത്തിൽ എംഎൽഎ മാർ തന്നെ ഇക്കാര്യം ഉന്നയിച്ചു. ദേശീയ പാത നിർമാണ പ്രവ്യത്തികൾക്ക് അഞ്ചര ലക്ഷം ക്യുബിക് മീറ്റർ മണ്ണ് വേണമെന്ന ദേശീയ പാത അതോറിറ്റിയുടെ ആവശ്യപ്രകാരം വേമ്പനാട് കായലിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എടുക്കാൻ 2024 അനുമതി നൽകിയിരുന്നു. 5.4 ലക്ഷം ക്യുബിക് മീറ്റർ മണ്ണ് എടുത്തു കഴിഞ്ഞു. നേരത്തെയുള്ള അനുമതിയുടെ മറവിലാണ് പാതിര മണൽ ദ്വീപിന് സമീപത്തെ മണൽ ഖനനം.മൽസ്യബന്ധനം, കക്കാ വാരൽ , ടൂറിസം എന്നീ മേഖലകളിൽ ഖനനം മൂലം പ്രതിസന്ധിയുണ്ട്.
വേമ്പനാട് കായലിൽ നിന്ന് ശേഖരിക്കുന്ന മണൽ കഴുകിയെടുക്കുമ്പോൾ ഉണ്ടാകുന്ന ചെളി കായലിലേക്ക് തന്നെ ഒഴുക്കുന്നത് വലിയ പാരിസ്ഥിതിക ഭീഷണി സൃഷ്‌ടിക്കുന്നുണ്ട്. മൽസ്യസമ്പത്തും കക്കായും നശിക്കുന്നു.രാത്രി മുഴുവൻ വലിയ ടിപ്പർ ലോറികൾ മണ്ണുമായി പോകുന്നത് പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെയും ബാധിച്ചു. ഖനനം ചെയ്ത് എടുക്കുന്ന മണ്ണ് ദേശീയപാതയിലേക്ക് തന്നെയാണോ എത്തുന്നത് എന്നറിയാൻ പരിശോധനകളോ ഓഡിറ്റോ ഇല്ല.
ദേശീയപാത നിർമാണ ജോലികൾ 75 ശതമാനം പൂർത്തിയായിട്ടും വീണ്ടും കൂടിയ അളവിൽ മണ്ണ് ഖനനം ചെയ്യുന്നത് മണൽക്കടത്തിന് വേണ്ടിയാണെന്ന് ആക്ഷേപമുണ്ട്.