കേസ് നമ്പർ 100118/2018, ഒന്നാം പ്രതി എൻ.എസ് സുനിൽ എന്ന പൾസർ സുനി. പെരുമ്പാവൂർ കോടനാട് സ്വദേശിയായ സുനിയുടെ പേരിൽ ബൈക്ക് മോഷണവും കഞ്ചാവ് കേസും കുഴൽപണവും ക്വട്ടേഷനുകളുമായി നിരവധി ക്രിമിനൽ കേസുകൾ. പക്ഷെ സിനിമ സെറ്റുകളിൽ അറിയപ്പെട്ടത് സൗമ്യനായ ഡ്രൈവർ. സൗമ്യതയുടെ മുഖം മൂടിയണിഞ്ഞാണ് പൾസർ സുനി നടിയെ അക്രമിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുക്കുന്നത്. 

നടിക്ക് പിന്നാലെ

നടിയുടെ അടുത്തെത്താൻ സുനി പല അടുവുകളും പയറ്റി. നടി ജോലി ചെയ്യുന്ന സിനിമാ ലൊക്കേഷനുകളിൽ ഡ്രൈവറായി എത്തിയെങ്കിലും അവസരം കിട്ടിയില്ല. പിന്നീട്, നടിക്ക് അന്യഭാഷാ സിനിമകളിൽ അവസരം വന്നതോടെ സുനിൽകുമാർ ഈ ശ്രമം ഉപേക്ഷിച്ചു. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ‌ രണ്ടു തവണ പ്രതി ശ്രമം നടത്തിയിരുന്നു. ഇതിനിടെയാണ് മലയാള സിനിമയിൽ അഭിനയിക്കാൻ നടി വീണ്ടും എത്തുന്നത്. സിനിമാ സെറ്റിൽ അമിതവിധേയത്വം കാണിച്ചു നടിയോട് അടുക്കാൻ പ്രതി ശ്രമിച്ചു.

2017 ജനുവരിയിൽ ഷൂട്ടിങിനായി ​ഗോവയിലെത്തിയപ്പോൾ സുനിൽകുമാർ അവിടെ ഡ്രൈവറായി ജോലിക്കുണ്ടായിരുന്നു. എയർപോർട്ടിലെത്തിയ നടിയെ ഹോട്ടലിലെത്തിച്ചത് സുനി ഓടിച്ച കാറിലാണ്. ആക്രമിക്കപ്പെട്ട സമയത്ത് സുനിയെ നടി തിരിച്ചറിഞ്ഞത് ഈ പരിചയത്തിലാണ്. 

സംഭവം നടന്ന ഫെബ്രുവരി 17നു തൃശൂരിൽനിന്നു നടിയെ എറണാകുളത്ത് എത്തിക്കണമെന്ന നിർദേശം വന്ന സമയത്തും സുനി സ്ഥലത്തുണ്ടായിരുന്നു. പ്രതിഫലം വാങ്ങാനായാണ് സുനി ഓഫിസിലെത്തിയത്. തൃശൂർക്കു പോകാമോ എന്നു സുനിയോടു മാനേജർ ചോദിച്ചപ്പോൾ, രണ്ടു ദിവസം ജോലിക്കില്ലെന്ന് പറഞ്ഞ സുനിയാണ് മാർട്ടിനെ അയച്ചുകൂടേ എന്ന നിർദേശം വച്ചത്. സുനിയും മാർട്ടിനും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണു സുനി മാർട്ടിന്റെ പേരു നിർദേശിച്ചത്. 

Also Read: ഗൂഢാലോചന ആദ്യം ആരോപിച്ചത് മഞ്ജു; എന്‍റെ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ചു; ദിലീപ്

ക്വട്ടേഷനിലും തുടർന്ന കൊള്ള

ബലാൽസംഗത്തിനുള്ള ക്വട്ടേഷൻ ഏറ്റെടുത്ത ശേഷം കവർച്ച കേസിൽ പിടിയിലായതോടെയാണ് പ്ലാൻ നീളുന്നത്. 2014 മേയിൽ കോട്ടയത്തിനു സമീപം കെഎസ്ആർടിസി യാത്രക്കാരന്റെ കണ്ണിൽ കുരുമുളകു സ്പ്രേ അടിച്ചു സുനിൽ നാലു ലക്ഷം രൂപ കവർന്നിരുന്നു. ഈ കേസിൽ അറസ്റ്റിലായതോടെ പദ്ധതി നീണ്ടു. 

പിന്നീട് കുന്നംകുളം പൊലീസ് അന്വേഷിച്ചിരുന്ന ബൈക്ക് കവർച്ച കേസിലും സുനി പ്രതിയായി. ആലപ്പുഴയിലെ അരൂരിൽ നിന്ന് പൾസർ സുനി അടക്കിയ അന്തർ ജില്ല വാഹന മോഷണ സംഘം കവർന്ന ബൈക്ക് പൊലീസ് കണ്ടെത്തിയതോടെയാണ് സുനിയിലേക്ക് പൊലീസ് എത്തുന്നത്. 2013 കാലത്ത് നിരവധി തവണ സുനിൽ സുരേന്ദ്രൻ എന്ന പേരിൽ ദുബായ് യാത്ര നടത്തിയെന്നൊരു സംശയം പൊലീസ് സംഘം പങ്കുവച്ചിരുന്നു. അക്കാലത്ത് ദുബായ് കേന്ദ്രീകരിച്ച് നടന്ന അനശാസ്യ കേസുകളിലും പൾസർ സുനിയെ പൊലീസ് സംശയിക്കുന്നുണ്ട്. 

പൾസർ പ്രേമം

പെരുമ്പാവൂർ ഐമുറി നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍- ശോഭന ദമ്പതികളുടെ മകനാണ് പൾസർ സുനി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ പൾസർ ബൈക്ക് മോഷ്ടിച്ചതോടെയാണ് ‘പൾസർ സുനി’ എന്ന ഇരട്ടപ്പേരു വീണതെന്നു പിതാവ് പറഞ്ഞു. ഇയാൾക്ക് വീടുമായി ബന്ധമില്ലെന്നും സഹോദരിയുടെ വിവാഹത്തിനു പോലും സുനി എത്തിയില്ലെന്നും വീട്ടുകാർ പറയുന്നു. 

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി അറസ്റ്റിലാകുന്നത് കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ്. ബൈക്കിൽ കോടതി സമുച്ചയത്തിനു പിന്നിലുള്ള ക്ഷേത്രത്തിനു സമീപമെത്തി മതിൽചാടിക്കടന്ന് കോടതിമുറിക്കുള്ളിൽ പ്രവേശിക്കുകയായിരുന്നു. എന്നാൽ ഉച്ചഭക്ഷണത്തിനു കോടതി പിരിഞ്ഞ സമയമായതിനാൽ പ്രതികൾക്ക് കീഴടങ്ങാനായില്ല. ഈ അവസരം പ്രയോജനപ്പെടുത്തി അന്നത്തെ സെൻട്രൽ സിഐ എ. അനന്തലാലും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് സുനി കീഴടങ്ങാനെത്തിയതും പൾസർ ബൈക്കിൽ. 

ENGLISH SUMMARY:

N. S. Sunil alias Pulsar Suni, the prime accused (Case No. 100118/2018) in the actress assault case, was known for his 'gentle' facade but had a notorious criminal history involving theft, drug cases, and hawala transactions. The article details how the 'Pulsar'-loving driver stalked the actress for the assault, his prior attempts at attack, and his dramatic capture when he tried to surrender at court.