നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക ടി.ബി.മിനിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസ്. വിചാരണക്കാലയളവില്‍ അഭിഭാഷക കോടതിയില്‍ എത്തിയത് 10 ദിവസത്തില്‍ താഴെ മാത്രമാണ്. അര മണിക്കൂര്‍ മാത്രമാണ് കോടതിയില്‍ ഉണ്ടാകാറുളളത്. ആ സമയം ഉറങ്ങുകയാണ് പതിവെന്ന് കോടതി വിമര്‍ശിച്ചു. വിശ്രമസ്ഥലം എന്ന രീതിയിലാണ് കോടതിയിലെത്തുന്നത്. എന്നിട്ടാണ് അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളത്. കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായില്ല.
അതേസമയം, വിചാരണക്കോടതിയുടെ വിമര്‍ശനം തള്ളി അഡ്വ.ടി.ബി.മിനി. ജഡ്ജിയുടേത് വ്യക്തിപരമായ അധിക്ഷേപമാണെന്നും ഏല്‍പിച്ച ജോലി ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ടെന്നും മിനി പറഞ്ഞു. തനിക്ക് വിചാരണക്കോടതിയില്‍ കാര്യമായ റോളില്ലെന്നും മിനി മനോരമ ന്യൂസിനോട് പറഞ്ഞു.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ മുഖ്യപ്രതി പൾസർ സുനി അടക്കം 6 പ്രതികൾക്കും വിചാരണക്കോടതി 20 വർഷം കഠിന തടവും 50,000 രൂപ വീതം പിഴയുമാണ് വിധിച്ചിരുന്നത്. കൂട്ടബലാത്സംഗ കുറ്റത്തിനു ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണിത്. കുറ്റകൃത്യത്തിനു വേണ്ടി നടത്തിയ ഗൂഢാലോചനയ്ക്കും ഇതേ ശിക്ഷ വിധിച്ചിട്ടുണ്ട്. എല്ലാ ശിക്ഷയും ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതി. ഇതുവരെ ജയിലിൽ കഴിഞ്ഞ വർഷങ്ങൾ ഇളവായി ലഭിക്കും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കേണ്ടി വരും.
പിഴയായി ചുമത്തിയ 9.75 ലക്ഷം രൂപ പ്രതികൾ ഒടുക്കിയാൽ അതിൽ 5 ലക്ഷം രൂപ അതിജീവിതയ്ക്കു നൽകണമെന്നും പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസ് വിധിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ തെളിവായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിന്റെയും ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവിന്റെയും സുരക്ഷ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു എം.പൗലോസ് ഉറപ്പാക്കണമെന്നും വിധിന്യായത്തിൽ പറയുന്നുണ്ട്. ഡിജിറ്റൽ രേഖകൾ കേസിന്റെ ആവശ്യം കഴിഞ്ഞതിനു ശേഷം സംസ്ഥാന ഫൊറൻസിക് സയൻസ് ലാബിൽ എത്തിച്ച് നശിപ്പിക്കുകയും അതിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും വേണം. തൊണ്ടിമുതലായ സ്വർണമോതിരം അതിജീവിതയ്ക്കു തിരിച്ചുകൊടുക്കണം. ശിക്ഷാ വിധി വന്നതിനെത്തുടർന്ന് പ്രതികളെയെല്ലാവരെയും വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു.