2017 ഫെബ്രുവരി 19ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഇരുട്ടു വീണു തുടങ്ങിയ സന്ധ്യയിലാണ് ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിനിമാ പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. വികാരം കൊണ്ടും രോഷം പ്രകടിപ്പിച്ചും കണ്ണീരൊഴുക്കിയും വന്ന വാക്കുകളാണ് അന്ന് കേരളം കേട്ടത്. 'നിനക്കൊപ്പമെന്ന്' സിനിമ മേഖല ഒന്നിച്ചുറപ്പിച്ച സദസില്‍ ഒരു പുരുഷന്‍ എങ്ങനെയാകരുതെന്ന് പറയുന്നതായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.
Also Read: തുടക്കത്തിലെ ചര്‍ച്ചയായി ഗൂഢാലോചന സിദ്ധാന്തം; സ്വന്തം കേസ് പാരയായി; ദിലീപ് സ്വയം കുഴിച്ച കുഴി
'നടിയുടെ പ്രതിരോധത്തിന്‍റെ പ്രതീകം തീര്‍ത്ത നാളം അഗ്നിഗോളമായി, മനുഷ്യ മനസാക്ഷി മരവിച്ചവരുടെ മുകളില്‍ ആഞ്ഞുപതിക്കും' എന്ന മുന്നറിപ്പാണ് മമ്മൂട്ടി അന്ന് നല്‍കിയത്. വേദനയിലും ദുഃഖത്തിലും ഒപ്പമുണ്ടെന്നും സമൂഹത്തില്‍ ഒറ്റയ്ക്കല്ലെന്നും പറഞ്ഞ് നടിയെ ചേര്‍ത്ത് പിടിക്കുന്നതായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.
മമ്മൂട്ടിയുടെ പ്രസംഗം പൂര്‍ണരൂപം,
''കേരളത്തിന് പ്രിയങ്കരിയായ, അഭിമാനമായ സഹോദരിയുടെ സഹോദരന്മാരും സഹോദരിമാരുമാണ് ഞങ്ങള്‍. സഹോദരി ഇന്നൊരു പ്രതിരോധത്തിന്‍റെ പ്രതീകമാണ്. പ്രതിരോധത്തിന്‍റെ പ്രതീകം തീര്‍ത്ത നാളം നമ്മള്‍ ഓരോരുത്തരും ഏറ്റുവാങ്ങുകയാണ്. ഈ നാളം അഗ്നിയായി അഗ്നിഗോളമായി, മനുഷ്യ മനസാക്ഷി മരവിച്ചവരുടെ മുകളില്‍ ആഞ്ഞുപതിക്കും. അതിനുള്ള കൂട്ടായ്മയാണിത്''.
''പൗരുഷം സ്ത്രീയെ കീഴ്പ്പെടുത്തുന്നതിനല്ല, സ്ത്രീയെ സംരക്ഷിക്കുന്നവനാണ് പുരുഷന്‍. ഇന്ന് മറ്റൊരു യോഗത്തില്‍ ഒരു ന്യായാധികന്‍റെ പ്രസംഗം കേട്ടു. ആത്മരക്ഷയ്ക്ക് വേണ്ടി മറ്റൊരാളില്‍ നിന്നും നമ്മളുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ആപത്തോ അപകടമോ ഉണ്ടായാലും നമ്മുടെ ഭാഗത്ത് ന്യായമുണ്ടാകും. സ്വത്തിനും ജീവനും അപകടമുണ്ടാകുന്ന സമയത്ത് നമുക്ക് പ്രതിരോധിക്കാം. സ്വത്ത് സ്ഥാവര ജംഗമ വസ്തുക്കള്‍ മാത്രമല്ല, നമ്മുടെ അഭിമാനവും മാനവും നമ്മുടെ സ്വത്താണ്. ആ സ്വത്ത് സംരക്ഷിക്കാന്‍ ഏതറ്റംവരെ പോയാലും നിയമസാധുത ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ അമ്മമാര്‍ ഇതുപോലുള്ള മനുഷ്യരൂപം പൂണ്ട പിശാചുക്കളെ പ്രസവിക്കാതെ അമ്മ പെങ്ങന്മാരെ സംരക്ഷിക്കുന്ന വീരപുത്രന്മാരെ പ്രസവിക്കണം''.
''നമ്മുടെ സഹോദരിക്ക് പറ്റിയ ഈ ദുരന്തം, ദുരന്തത്തില്‍ അവളുടെ വേദനയോടൊപ്പം ദുഃഖത്തിനൊപ്പം ഞങ്ങള്‍ അണിചേരുകയാണ്. ഞങ്ങള്‍ അവള്‍ക്ക് വാക്ക് കൊടുക്കുകയാണ്. ഈ സമൂഹത്തില്‍ ഒറ്റയ്ക്കല്ല, സ്നേഹിക്കുന്ന ഇഷ്ടപ്പെടുന്ന ഒരു സമൂഹം ഒപ്പമുണ്ട്. അത് സിനിമ പ്രവര്‍ത്തകരായി, സാധാരണ പ്രവര്‍ത്തകരായി, സര്‍ക്കാരും ജനങ്ങളും എല്ലാം നിനക്കൊപ്പമുണ്ട്, നീ പ്രതിരോധിക്കുക. നിനക്കൊപ്പം ഞങ്ങളുണ്ട്. എന്നും സ്ത്രീത്വത്തിന്‍റെ സംരക്ഷകനാണ് പുരുഷന്‍''.