dileep-trail

വാഹനാപകടത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളും തുടർന്ന് ഒരു സംഘം ക്രിമിനലുകൾ ചേർന്ന് നടത്തിയ ലൈം​ഗികാതിക്രമവും എന്ന് എഴുതേണ്ടിയിരുന്ന കേസിനെ ദിലീപിലേക്ക് എത്തിച്ചത് കൃത്യമായ അന്വേഷണമാണ്. സംഭവം നടന്ന് ആറുമാസത്തിന് ശേഷമാണ് ദിലീപിന്‍റെ അറസ്റ്റ് നടക്കുന്നത്. തുടക്കം തൊട്ട് ദിലീപിന്‍റെ പേരില്‍ ഗൂഢാലോചന സിദ്ധാന്തം പറന്നു നടക്കുന്നുണ്ടായിരുന്നു. കൃത്യമായ തെളിവുകള്‍ക്ക് കാത്തിരുന്ന പൊലീസിന് മുന്നിലേക്ക് ദിലീപ് കൊണ്ടുവന്നിട്ട പരാതിയാണ് കേസിലെ എട്ടാം പ്രതിയാക്കിയത്. 

Also Read: ക്വട്ടേഷന്‍ ഒന്നരക്കോടിക്ക്; കേസായാല്‍ മൂന്നരക്കോടി; പണം നല്‍കിയതിന് തെളിവ്

2017 ഏപ്രില്‍ 18 ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ദിലീപ് പ്രതിസ്ഥാനത്തില്ലായിരുന്നു. പെരുമ്പാവൂര്‍ സ്വദേശി പൾസർ സുനി, കൊരട്ടി സ്വദേശി മാർട്ടിൻ ആന്റണി, ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശികളായ പ്രദീപ്, വിജീഷ്, തമ്മനം സ്വദേശി മണികണ്ഠൻ, ഇരിട്ടി സ്വദേശി ചാർലി തോമസ് എന്നിവരായിരുന്നു ആദ്യ ഘട്ടത്തില്‍ പ്രതികള്‍. കേസിലെ പ്രതികള്‍ ബ്ലാക്ക്മെയില്‍ ചെയ്യുന്നുവെന്ന ദിലീപിന്‍റെ പരാതി തന്നെ അന്വേഷണത്തിന്‍റെ ഗതിമാറ്റി. 

ദിലീപിന്‍റെതായിരുന്നു ക്വട്ടേഷന്‍ എന്ന് വ്യക്തമാക്കുന്ന കത്ത് ഒന്നാം പ്രതി പള്‍സര്‍ സുനി സഹതടവുകാരനെ കൊണ്ട് എഴുതിച്ചിരുന്നു. പിന്നാലെ ദിലീപിന് ജയിലില്‍ നിന്ന് ഒന്നരകോടി ആവശ്യപ്പെട്ട് സുനിയുടെ സഹതടവുകാരന്‍ വിഷ്ണു സനലിന്‍റെ ഫോണ്‍. കുരുക്ക് ഭയന്ന് ദിലീപിന്‍റെ പരാതി ഡിജിപിക്ക് മുന്നിലെത്തി. ഇതോടെ ദിലീപിലേക്ക് പൊലീസിന് കൃത്യമായൊരു പോയിന്‍റ് ലഭിക്കുന്നു. 

Also Read: കേരളത്തെ ഞെട്ടിച്ച ക്വട്ടേഷൻ ബലാത്സംഗം; പ്രതികളെ കാത്തിരിക്കുന്നത് 20 വർഷം തടവോ ജീവപര്യന്തമോ?

പരാതിയെത്തി രണ്ടു മാസത്തിന് ശേഷം ജൂണ്‍ 28 നാണ് ദിലീപും സുഹൃത്തായ നാദിര്‍ഷവും ചോദ്യമുനയിലായത്. ആലുവ പൊലീസ് ക്ലബില്‍ ദിലീപിനെ ചോദ്യം ചെയ്യാനായി എത്തിച്ചു. 13 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദിലീപ് പുറത്തേക്ക്. അന്ന് പുറത്തിറങ്ങുമ്പോള്‍ കാണിച്ച ആത്മവിശ്വാസം ചോരാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. പൾസർ സുനിയുമായി ബന്ധിപ്പിക്കുന്ന നിരവധി തെളിവുകൾ തുടരെ പുറത്തുവന്നു.

പള്‍സര്‍ സുനി ജോര്‍ജേട്ടന്‍സ് പൂരത്തിന്‍റെ തൃശൂരിലെ ലൊക്കേഷനിലെത്തിയതിന്‍റെ ചിത്രം ദിലീപിനെ ചോദ്യം ചെയ്ത് അഞ്ചാം ദിവസം പുറത്തായി. ദിലീപിന്‍റെ സഹായി അപ്പുണ്ണിയുടെ ഫോണിലേക്കു പണം ആവശ്യപ്പെട്ടുള്ള സുനിലിന്‍റെ വിളിയും കോടതിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസുകാരന്‍റെ ഫോണില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിനെ വിളിച്ചതും കുരുക്കായി. അങ്ങനെ  കുറ്റകൃത്യം നടന്ന് ആറാംമാസം ദിലീപ് അറസ്റ്റിലായി. 

ENGLISH SUMMARY:

Six months after the actress assault, the conspiracy trail led to actor Dileep. Discover the crucial complaint, Pulsar Suni's blackmail letter, and the 13-hour interrogation that resulted in his arrest.