എല്ലാം നഷ്ടപ്പെട്ടു എന്നു തോന്നിയ ആ നിമിഷത്തിൽ തനിക്ക് ആരുമില്ലെന്നും, ഇനി നടക്കാനാകില്ലെന്നും പറഞ്ഞ സന്ധ്യയെ നിങ്ങൾ ഓർക്കുന്നുണ്ടോ. ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിലിൽ ഗുരുതര പരുക്കേറ്റ്, ഇടതുകാൽ മുറിച്ചുമാറ്റിയ സന്ധ്യക്ക് അന്ന് മനോരമ ന്യൂസ് വാർത്തക്ക് പിന്നാലെ ചികിത്സ ചെലവുകൾ ഒരുക്കിയത് നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ആയിരുന്നു. കൊച്ചി രാജഗിരി ആശുപത്രിയിലെ ചികിത്സയിലിരിക്കെ സന്ധ്യക്ക് ആശ്വാസവുമായി വീണ്ടും എത്തിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി.
ഒരുമാസം നീണ്ട വിദഗ്ധ ചികിത്സ. ശേഷം വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോൾ സന്ധ്യയ്ക്ക് മമ്മൂട്ടിയുടെ ഫോൺ കോൾ. ഞങ്ങളൊക്കെയുണ്ട്. കൃത്രിമക്കാൽ നൽകും. അടിമാലിയിൽ വീട് വയ്ക്കാനുള്ള ഇടപെടൽ നടത്തും. മമ്മൂട്ടിയുടെ ഉറപ്പ്.
ഒക്ടോബർ 25 രാത്രി 10 നാണ് അടിമാലി ലക്ഷംവീട് ഉന്നതിയെ ഞെട്ടിച്ച മണ്ണിടിച്ചിലുണ്ടായത്. കൂറ്റൻപാറകളും മണ്ണും വീണ് സന്ധ്യയും ഭർത്താവ് ബിജുവും വീടിനുള്ളിൽ പെട്ടു. പിന്നീട് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം. ഒടുക്കം ഇരുവരെയും പുറത്തെടുത്തെങ്കിലും ബിജുവിനെ രക്ഷിക്കാനായില്ല. സന്ധ്യയുടെ മകൻ കഴിഞ്ഞ വർഷം കാൻസർ ബാധിച്ച് മരിച്ചു. നഴ്സിംഗ് വിദ്യാർഥിനിയായ മകൾ മാത്രമാണ് സന്ധ്യക്ക് കൂട്ടെന്നറിഞ്ഞാതോടെയാണ് മമ്മൂട്ടിയുടെ സഹായം തേടിയെത്തിയത്.