ഫെയ്സ്ബുക്കിലൂടെ അതിജീവിതയെ അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച കോട്ടയം വേളൂർ പതിനഞ്ചിൽകടവ് ഭാഗം സ്വദേശി പി. ജെറിൻ (39) പൊലീസ് പിടിയിൽ. ബിഎൻഎസ് 64 മുതൽ 71 വരെയുള്ള വകുപ്പുകൾ പ്രകാരം നേമം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ജെറിൻ. കോട്ടയം സൈബർ ക്രൈം പോലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വോയിസ് ഓഫ് മലയാളി എന്ന ഫേയ്സ്ബുക്ക് പേജിന്‍റെ ഉടമയാണ് പ്രതി.
വയനാട് ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിൽ നവംബർ 2നു ലഭിച്ച അപകീർത്തിപ്പെടുത്തുന്ന ഫെയ്സ്ബുക്ക് വീഡിയോ ലിങ്കിൻ്റെ യുആർഎൽ പരിശോധിച്ച് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയും കൃത്യത്തിനുപയോഗിച്ച ഉപകരണവും കോട്ടയം സൈബർ പോലീസ് പരിധിയിൽ കണ്ടെത്തി കേസ് അവർക്ക് കൈമാറി. തുടർന്ന് നവംബർ 3ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.