സീറ്റ് കിട്ടാത്തതിനാല്‍ തോമാട്ടുച്ചാല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് വിമതനായി മല്‍സരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജഷീര്‍ പള്ളിവയല്‍ തീരുമാനിച്ചതിന് പിന്നാലെ വന്‍ സൈബര്‍ അറ്റാക്ക്. പാര്‍ട്ടി തിരുത്തണമെന്നും പാര്‍ട്ടി ചിന്ഹത്തിലല്ലാതെ മല്‍സരിക്കുന്നത് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും ജഷീര്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ജഷീറിനെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് കെപിസിസി ജനറല്‍ സെക്രട്ടറി കെപി നൗഷാദലി. ജഷീർ അർഹനാണെന്നും, ആഗ്രഹിച്ചതിനു വേണ്ടി പൊരുതാൻ അയാൾക്കവകാശമുണ്ടെന്നും കെപി നൗഷാദലി ഫെയ്സ്ബുക്കില്‍ കുറിച്ചു. എല്ലാ ന്യായങ്ങളും എപ്പോഴും നടക്കണമെന്നില്ല. സ്ഥാനാർത്ഥിത്വം കിട്ടിയില്ലെങ്കിൽ അയാൾ പത്രിക പിൻവലിച്ചോളും. അയാളെ സൈബർ സദാചാര വിചാരണ നടത്തുന്നവർ ഒരു പൊടിക്ക് അടങ്ങണമെന്നും അദ്ദേഹം ആഞ്ഞടിക്കുന്നു.
രാത്രി 12 മണിവരെ ഡിസിസി ഓഫീസിന് പുറത്ത് പ്രഖ്യാപനത്തിനായി കാത്തുനിന്നുവെന്നും, സീറ്റ് കിട്ടില്ലെന്ന് താന്‍ അറിയുന്നതിന് മുന്‍പേ സിപിഎം ഘടകകക്ഷികള്‍ തന്നെ സീറ്റ് തരാനായി ബന്ധപ്പെട്ടിരുന്നെന്നും ജഷീര്‍ വെളിപ്പെടുത്തിയിരുന്നു. രണ്ട് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആളാണ് ജഷീര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയാണ് ജഷീര്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്.