Image: facebook.com/amal.jishnu.58
തങ്ങള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും മറുപടിയുമായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയ ‘ലിറ്റില്‍ കപ്പിള്‍’. അധിക്ഷേപം അതിരുകടക്കുന്നുവെന്നും തങ്ങള്‍ക്കും ഇവിടെ ജീവിക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ലിറ്റില്‍ കപ്പിള്‍ പറയുന്നു. ഇങ്ങനെ ഉള്ളവരോട് പുച്ഛം മാത്രമെന്നും ഇരുവരും പോസ്റ്റിന് താഴെ കുറിച്ചു.
ഒരു ഫെയ്ബുക്ക് യൂസര്‍ തങ്ങളുടെ പോസ്റ്റിനടിയില്‍ അധിക്ഷേപ കമന്‍റിട്ടുവെന്നും ആദ്യമൊന്നും കാര്യമാക്കിയില്ല, എന്നാല്‍ അതിനുതാഴെ പ്രതികരിച്ചവരോടും അയാള്‍ മോശമായി സംസാരിച്ചു. പിന്നീട് വീണ്ടും ഇയാള്‍ അധിക്ഷേപിച്ച് മെസേജ് അയച്ചുവെന്നും അമല്‍ പറയുന്നുണ്ട്. അയാള്‍ക്ക് മെസേജ് അയച്ചും വിളിച്ചും കാര്യം പറഞ്ഞു, എന്നാല്‍ പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ അധിക്ഷേപവുമായി മറ്റൊരു പെണ്‍കുട്ടിയുമെത്തിയെന്നും അമല്‍ പറയുന്നു.
‘ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഈ നാട്ടില്‍ ജീവിക്കണം. ഞങ്ങളെപ്പോലെ മക്കള്‍ നിങ്ങള്‍ക്കും ഉണ്ടായാല്‍ എന്തുചെയ്യും? ഈ ഭൂമിയില്‍ ഞങ്ങളെപ്പോലുള്ള കുറച്ചുപേരല്ല, ഒരുപാടുപേരുണ്ട്. അവര്‍ക്കും ജീവിക്കണം. എല്ലാ ജന്തുജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഇവിടം. നിങ്ങളുടെ മക്കള്‍ക്കും ഇവിടെ ജീവിക്കണം, അതിന് നിങ്ങളും പ്രതികരിക്കണം’ അമലും സിത്താരയും പറയുന്നു.
ഉയരം കുറഞ്ഞവരുടെ ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് വഴിയാണ് അമലും സിത്താരയും പരിചയപ്പെടുന്നത്. ഒരു അർദ്ധരാത്രിയിൽ തന്റെ ഫോണിലേക്ക് വന്ന ‘ഐ ലൗ യു’ സന്ദേശമാണ് പ്രണയത്തിലേക്കും ഒരുമിച്ചുള്ള ജീവിതത്തിലേക്കും വഴിമാറിയതെന്ന് മുന്‍പ് അമല്‍ തന്നെ പറഞ്ഞിട്ടുണ്ട്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് അമല്‍. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയാണ് സിത്താര.