PHOTO CREDIT; FACEBOOK
തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിൽ മുട്ടടയിൽ ആദ്യഫലം വൈഷ്ണക്ക് അനുകൂലമാണെന്ന് കോണ്‍ഗ്രസ് നേതാവും എറണാകുളം ജില്ലാ പഞ്ചായത്തിലെ തുറവൂർ ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ഥിയുമായ ഡോ. ജിന്‍റോ ജോണ്‍. കോൺഗ്രസ് മുന്നേറ്റത്തിൽ മുട്ടിടിച്ചിരിക്കുകയാണ് സിപിഎം. ഇലക്ഷൻ കമ്മിഷൻ സിപിഎമ്മിന്റെ കമ്മിഷൻ പറ്റി സെലക്ഷൻ നടത്തുമ്പോൾ, ചെവിക്ക് പിടിച്ച് തിരുത്തിയ കോടതിയാണ് ഇന്നത്തെ തന്‍റെ ഹീറോയെന്നും ജിന്‍റോ ഫെയ്സ്ബുക്കില്‍ കുറിച്ചു.
മുട്ടട വാർഡിലെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ച വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ജിന്‍റോയുടെ പോസ്റ്റ്. വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും ഇല്ലെങ്കിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്നും കോടതി പറഞ്ഞു.
പെൺകുട്ടിക്ക് മത്സരിക്കാനുള്ള അവസരം നിഷേധിക്കരുതെന്നും രാഷ്ട്രീയകാരണത്താൽ ഒഴിവാക്കുകയല്ല വേണ്ടതെന്നും കോടതി പറഞ്ഞു. രാഷ്ട്രീയകാരണത്താൽ ഒഴിവാക്കരുതെന്ന് ഹൈക്കോടതി തിര. കമ്മിഷൻ വീണ്ടും ഹിയറിങ് നടത്തണമെന്നും ബുധനാഴ്ചയ്ക്ക് മുൻപ് ഉത്തരവിറക്കണമെന്നും കോടതി നിർദേശിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ യു.ഡി.എഫ് അവതരിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു വൈഷ്ണ. വോട്ടർ പട്ടികയ്ക്കൊപ്പമുള്ള ടി.സി നമ്പർ തെറ്റെന്ന് ആരോപിച്ച് സി.പി.എം നൽകിയ പരാതി അംഗീകരിച്ചാണ് വൈഷ്ണയുടെ വോട്ട് വെട്ടിയത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച വൈഷ്ണ, നടപടി നിയമവിരുദ്ധമെന്ന് പരാതിപ്പെട്ടു. ആദ്യം പ്രസിദ്ധീകരിച്ച പട്ടികയിൽ പേരുണ്ടായിരുന്നു. സി.പി.എം പരാതി നൽകിയപ്പോൾ സ്ഥിരതാമസക്കാരിയെന്നതിൻ്റെ രേഖകളെല്ലാം ഹാജരാക്കി. എന്നിട്ടും വോട്ട് ഒഴിവാക്കിയ നടപടിക്ക് പിന്നിൽ ഗൂഢാലോചനയെന്ന സംശയവും ഉന്നയിക്കുന്നുണ്ട്.