കഴിഞ്ഞ 12ന് സൗദി അറേബ്യയിൽ കപ്പലപകടത്തിൽ മരിച്ച മകനെ അവസാനമായി ഒരു നോക്കുകാണാൻ കണ്ണീരോടെ കുടുംബം. കൊച്ചി ചെല്ലാനത്ത് വിൽസന്റെയും റോസ്മേരിയുടെയും മകൻ 27 വയസ്സുള്ള എഡ്വിൻ ആണ് മരിച്ചത്. 21 ദിവസമായിട്ടും മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടില്ല.
കഴിഞ്ഞമാസം 12ന് വൈകിട്ട് മകന് അപകടം പറ്റിയെന്ന് ഫോൺ സന്ദേശം വന്നു. സൗദിയിൽ സഫാനിയ തുറമുഖത്തിനടുത്ത് കപ്പലിൽ ജോലി ചെയ്യവെയാണ് അപകടം. എങ്ങനെ മരിച്ചുവെന്നോ, അതിനു ശേഷം എന്തു സംഭവിച്ചുവെന്നോ കൃത്യമായ ഒരു ഉത്തരം കമ്പനി നൽകിയില്ല. 21 ദിവസങ്ങൾ കഴിയുന്നു. വീട്ടിൽ അച്ഛനും അമ്മയും അനിയനും എഡ്വിന്റെ ഭാര്യയും കാത്തിരിക്കുകയാണ്.
നാലുമാസം മുൻപായിരുന്നു എഡ്വിന്റെ വിവാഹം. മത്സ്യത്തൊഴിലാളിയായ അച്ഛന്റെ കൂടെ കടലിൽ പോയിരുന്ന എഡ്വിൻ കഷ്ടപ്പെട്ട് പഠിച്ചാണ് കപ്പലിൽ ജോലി നേടിയത്. എഡ്വിവിന്റെ പോസ്റ്റ്മോർട്ടം കഴിഞ്ഞതായി കമ്പനി അറിയിച്ചിരുന്നു. സൗദിയിലുള്ള മലയാളി സംഘടനകൾ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടാലെ എഡ്വിൻ പ്രിയപ്പെട്ടവരുടെ ഇടയിലേക്ക് മടങ്ങിയെത്തുകയുള്ളൂ.