രാജ്യാന്തര പ്രതിരോധ വ്യവസായത്തിന്റെ പുത്തൻ സാധ്യതകൾ തുറന്നുകാട്ടുന്ന 'സൗദി വേൾഡ് ഡിഫൻസ് ഷോ' റിയാദിൽ പുരോഗമിക്കുന്നു. ഇന്ത്യയുടെ ബ്രഹ്മോസ് പവലിയന്‍ പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഉദ്ഘാടനം ചെയ്തു. പ്രതിരോധ കമ്പനികളും സാങ്കേതിക വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളുമാണ് ഡിഫന്‍സ് ഷോയില്‍ പങ്കെടുക്കുന്നത്.
'ഫ്യൂച്ചർ ഓഫ് ഡിഫൻസ് ഇന്റഗ്രേഷൻ' എന്ന പ്രമേയത്തിലാണ് അഞ്ചു ദിവസത്തെ മേള നടക്കുന്നത്. കര, വ്യോമ, നാവിക, ബഹിരാകാശ, സൈബർ സുരക്ഷാ മേഖലകളിലെ അത്യാധുനിക സാങ്കേതിക വിദ്യകളുടെ പ്രദർശനത്തിനും തന്ത്രപരമായ സഹകരണ കരാറുകൾക്കും ഡിഫൻസ് ഷോ വേദിയാകും.സൗദി പ്രതിരോധ മന്ത്രിയും ജനറൽ അതോറിറ്റി ഫോർ മിലിറ്ററി ഇൻഡസ്ട്രീസ് വൈസ് ചെയർമാനുമായ പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽഅസീസ് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ പവിലിയനില്‍ ഒരുക്കിയ ബ്രഹ്മോസ് മിസൈല്‍ പ്രത്യേകം ശ്രദ്ധ നേടി.എൺപത് രാജ്യങ്ങളിൽ നിന്നായി 900 മുൻനിര പ്രതിരോധ സ്ഥാപനങ്ങളും നിർമ്മാതാക്കളുമാണ് മേളയിൽ അണിനിരക്കുന്നത്. പുതുതലമുറ ഡ്രോണുകൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, അത്യാധുനിക യുദ്ധവിമാന സാങ്കേതിക വിദ്യകൾ, റോബോട്ടിക് കരസേനാ വാഹനങ്ങൾ, സൈബർ സുരക്ഷാ കവചങ്ങൾ എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്. പ്രദർശനത്തോടനുബന്ധിച്ച് ബിസിനസ് ചർച്ചകൾ, പ്രതിരോധ നയരൂപീകരണം, നിർമിത ബുദ്ധി, ഭാവി യുദ്ധതന്ത്രങ്ങൾ എന്നീ വിഷയങ്ങളിൽ സംവാദങ്ങൾ നടക്കും.