അതിദരിദ്രർ ഇല്ലാത്ത പിണറായിസ്റ്റ് കേരളത്തിലെ മഞ്ജുള കറുപ്പന്റെ ചോർന്നൊലിക്കുന്ന ഒറ്റമുറി കൊട്ടാരമാണിതെന്ന ക്യാപ്ഷനോടെ, ടാർപോളിൻ ഷീറ്റിനടിയില്‍ താമസിക്കുന്ന കുടുംബത്തിന്‍റെ ഫോട്ടോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്‍റോ ജോണ്‍. ഷൊർണ്ണൂർ നിയോജക മണ്ഡലത്തിലെ വാണിയംപാറ പഞ്ചായത്തിലെ നിലവിലെ പതിനഞ്ചാം വാർഡിലെ (മുൻപ് 14) വീടാണിത്. ഇന്നലെ ഇവരുടെ തൊട്ടടുത്തുള്ള വീട്ടിൽ കോൺഗ്രസ് കുടുംബയോഗത്തിന് പങ്കെടുക്കാൻ ചെന്നപ്പോഴാണ് മഞ്ജുള ചേച്ചിയെ പരിചയപ്പെട്ടതും അവരുടെ വീട് കാണാൻ സാധിച്ചതും. 40 വർഷമായി സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ പാർട്ടിഗ്രാമ സമമായ സിപിഎം കോട്ടയിലാണ് പഞ്ചായത്തിന്റെ ഭവന ഗുണഭോക്തൃ ലിസ്റ്റിൽ പതിനെട്ടാം നമ്പറിലുള്ള മഞ്ജുള കറുപ്പൻ നിരന്തരം അവഗണിക്കപ്പെടുന്നത്. ഈ അവഗണനയ്ക്ക് കക്ഷിരാഷ്ട്രീയം കൂടി ഒരു കാരണമാണ്. പെൺമക്കളായ വിസ്മയയും വിഷ്ണുമായയും അടങ്ങുന്ന ഈ നാലംഗ കുടുംബം കഴിച്ചുകൂട്ടുന്നത് കേവലം 100 സ്ക്വയർ ഫീറ്റിൽ താഴെ മാത്രം വലിപ്പമുള്ള ചിതലരിച്ച ചോർന്നൊലിക്കുന്ന ടാർപോളിൻ ഷീറ്റിനടിയിലാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ നേതാക്കന്മാരുടെ ഫ്ലക്സ് ബോർഡുകൾ കൊണ്ടാണ് വശങ്ങളിൽ ചുറ്റുമറ ഉണ്ടാക്കിയിക്കുന്നത്. പ്രദേശത്തെ കൂലിപ്പണിക്കാരുമായ കോൺഗ്രസ് പ്രവർത്തകർ പിരിവെടുത്ത് നൽകിയ ഒരു കക്കൂസ് കഴിഞ്ഞ വർഷമാണ് ഇവർക്ക് നിർമ്മിച്ച് കിട്ടിയത്. പലവട്ടം മുദ്രപത്രം വാങ്ങി പഞ്ചായത്തിൽ കൊടുത്തതല്ലാതെ ഇവരുടെ കണ്ണുനീരിലേക്ക് ഒന്ന് കണ്ണ് പായിക്കാൻ കേരളത്തിലെ അതിദരിദ്രരെ ഇല്ലാതാക്കുന്ന സർക്കാരിന് സാധിച്ചിട്ടില്ല. നാല് പതിറ്റാണ്ടോളമായി സിപിഎം കൊടികുത്തി വാഴുന്ന പഞ്ചായത്തിൽ, പത്തുവർഷമായി കേരളം ഭരിക്കുന്ന പിണറായി വിജയന്റെ സർക്കാരിന്റെ അതിദരിദ്ര പട്ടികയിൽ ഇവർ ഇല്ലത്രേ! കടുത്ത ശാരീരിക അവശത മൂലം സ്ഥിരമായി കൂലിപ്പണിക്ക് പോലും പോകാൻ പറ്റാത്ത കറുപ്പന്റെ രണ്ടു പെൺകുട്ടികളുള്ള ഈ കുടുംബം അതിദരിദ്രരുടെ ഗുണഭോക്ത ലിസ്റ്റിൽ പെട്ടില്ലെങ്കിൽ പിണറായി സർക്കാരിന്റെ ഈ കെട്ടുകാഴ്ചകൾക്ക് എന്തോ കുഴപ്പമുണ്ടല്ലോ. ഇതുപോലുള്ള ആയിരക്കണക്കിന് വീടുകൾ ചൂണ്ടിക്കാണിച്ച് കൊടുക്കാൻ സാധിക്കുമെന്നുള്ള ഉത്തമ ബോധ്യത്തോടെ സംസ്ഥാന സർക്കാരിനെ വെല്ലുവിളിക്കുകയാണ്. നിങ്ങൾ ഈ കാണിക്കുന്ന കോടികൾ മുടക്കിയുള്ള പി ആർ പണിയുടെ നൂറിലൊരംശം ആത്മാർത്ഥത ആ പണം ചെലവഴിച്ച് ഇത്തരം മനുഷ്യർക്ക് ചോർന്നൊലിക്കാത്ത വീടുണ്ടാക്കാൻ കാണിക്കണം. കേരളത്തിൽ 591114 മഞ്ഞക്കാർഡ് ഉടമകളായ അതിദരിദ്രർ ഉണ്ടെന്ന് ഷൊർണ്ണൂർ എംഎൽഎ മമ്മിക്കുട്ടിയുടെ ചോദ്യത്തിനാണല്ലോ മന്ത്രി ജി ആർ അനിൽ ഒരു മാസം മുൻപ് നിയമസഭയിൽ മറുപടി പറഞ്ഞത്. 2021ലെ സിപിഎം പ്രകടനപത്രികയിൽ പരമദരിദ്രരായ 4.5 ലക്ഷം പേരുണ്ടെന്നും പറയുന്നു. പിന്നെങ്ങനെയാണ് ഈ സർക്കാർ 64006 കുടുംബങ്ങളെ മാത്രം അതിദരിദ്രരായി നിജപ്പെടുത്തിയത് എന്നുള്ളത്? അതിൽ 59277 കുടുംബങ്ങളെ ചേർത്തുനിർത്തിയപ്പോഴാണ് ചൈനയ്ക്ക് ശേഷം കേരളം അതിദരിദ്രർ ഇല്ലാത്ത അത്ഭുത നാടായി മാറിയത്! എന്തൊരു മാറ്റം ആണല്ലേ നമ്മുടെ കേരളം മാറിയത്!!വിവിധ അന്താരാഷ്ട്ര ഏജൻസികളുടേയും യുഎൻ, ലോകബാങ്ക്, നീതി ആയോഗ് തുടങ്ങി വിവിധ ദേശീയ - അന്തർദേശീയ സംവിധാനങ്ങളുടേയും മാനദണ്ഡങ്ങളിലൊന്നും പെടാത്ത രീതിയിൽ അതിദരിദ്രരെ കണ്ടെത്തിയ വിസ്മയത്തിന്റെ പേരാണ് പിണറായിസ്റ്റ് പിആർ. അതിദരിദ്രരില്ലെന്ന് പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ ചടങ്ങിന് പണം കണ്ടെത്തിയതും അതിദരിദ്രരായ കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ മാറ്റിവെച്ച തുകയിൽ നിന്ന് ഒന്നരക്കോടി വെട്ടി മാറ്റിയിട്ടാണ്. 2011ലെ സെൻസസ് പ്രകാരം 1.16 ലക്ഷം കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികൾ കേരളത്തിലുണ്ട്. ഇനിയൊരു സെൻസസ് വരുമ്പോൾ ഈ എണ്ണം വർദ്ധിക്കാനേ തരമുള്ളൂ. അതിൽ കേവലം 6400 കുടുംബങ്ങളെ മാത്രം കൈപിടിച്ചെന്ന് അവകാശപ്പെട്ടു കൊണ്ടാണ് സംസ്ഥാന സർക്കാർ അതിദരിദ്രരില്ല എന്നുള്ള പൊള്ളത്തരം പുലമ്പുന്നത്. പുരയിടം പണയം വെച്ച് കിട്ടുന്ന പണം കൊണ്ട് പട്ടുകോണകം വാങ്ങി പുരപ്പുറത്ത് കെട്ടിയുള്ള ആഘോഷ മഹാമഹം സംഘടിപ്പിക്കുന്നത് പോലെയാണിത്.പത്തു വർഷത്തിനിടെ 591368 പേർ ലൈഫ് ഭവന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ ഇനിയും 1.30 ലക്ഷത്തിലധികം വീടുകൾ പൂർത്തീകരിക്കാനുണ്ട്. അതിൽ തന്നെ 38,000 കുടുംബങ്ങൾ എസ് സി/എസ് ടി വിഭാഗത്തിലുള്ളവരാണ് പോലും. സ്വാഭാവികമായും അവരുടെ ഗതികെട്ട സാമൂഹ്യ സാമ്പത്തിക പരിതസ്ഥിതിയെക്കുറിച്ച് കൂടുതൽ പറയേണ്ടതില്ല എന്ന് കരുതുന്നു. ഈ പട്ടികയിൽ ഇനിയും പെടാത്ത, രാഷ്ട്രീയ വൈരാഗ്യം കൊണ്ട് സിപിഎം ഭരണസമിതികൾ അകറ്റി നിർത്തിയിരിക്കുന്ന പതിനായിരക്കണക്കിന് മനുഷ്യർ വേറെയുമുണ്ട് എന്ന് പിണറായിസ്റ്റ് അടിമകൾ അല്ലാത്തവർ തിരിച്ചറിയണം. കേരളത്തിൽ അതിദാരിദ്ര്യം ഇല്ലാതായെന്നുള്ള കള്ളവും അശ്ലീലവും സംസ്ഥാന സർക്കാർ പറയുമ്പോൾ അതിന് വാഴ്ത്തുപാട്ട് നടത്തുന്ന മാധ്യമ സഖാക്കന്മാരും ബെന്യാമിനെ പോലുള്ള സാഹിത്യ സഖാക്കന്മാരും ഉളുപ്പില്ലാതെ പിന്തുണച്ച പ്രസംഗിക്കുന്നതിനെ മനസ്സാക്ഷിയുള്ളവർ നേരറിവുകൊണ്ട് പ്രതിരോധിക്കണം... പതിനാറായിരം രൂപയുടെ തോർത്തും മുപ്പത്താറായിരം രൂപയുടെ കണ്ണടയും വാങ്ങി വിലസുന്ന എ സി റൂം എലിവാണങ്ങൾ ഈ സർക്കാരിലെ മന്ത്രിമാരാണെന്നും സത്യം തമസ്കരിച്ച് അവരെ പിന്തുണക്കുന്ന മാധ്യമ - സാംസ്‌കാരിക സഖാക്കൾ വെറും പിണറായിസ്റ്റ് അടിമകൾ ആണെന്നും നമ്മൾ, സാധാരണക്കാർ മുഖത്ത് നോക്കി തിരുത്തണം. – ജിന്‍റോ കുറിച്ചു. 

ENGLISH SUMMARY:

Kerala poverty is a persisting issue despite government claims. Many families still live in extreme poverty, highlighting discrepancies in poverty alleviation programs.