joy-home-tvm

ആഴങ്ങളിലാണ്ടുപോയ മകന്‍ തിരികെ വരില്ലെന്ന് അറിയാമെങ്കിലും നീറുന്ന മനസുമായി മകന്‍റെ ഓര്‍മകള്‍ ചേര്‍ത്ത് പിടിച്ചിരിക്കാന്‍ മെല്‍ഹി അമ്മയ്ക്ക് അടച്ചുറപ്പുള്ള വീടായി. തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നീക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച മാരായമുട്ടം സ്വദേശി ജോയി എന്നും മലാളികളുടെ വിങ്ങുന്ന ഓര്‍മയാണ്. ജില്ലാ പഞ്ചായത്ത് വാങ്ങി നല്‍കിയ മണ്ണില്‍ തിരുവനന്തപുരം കോര്‍പ്പറേഷനാണ് ലൈഫ് പദ്ധതിയിലൂടെ ജോയിയുടെ അമ്മയ്ക്ക് സുരക്ഷിത വീടൊരുക്കിയത്. 

മലയാളികള്‍ ഒരേ മനസോടെ പ്രാര്‍ഥനയുമായി കാത്തിരുന്ന രാപകലുകള്‍. ഒഴുക്കില്‍പ്പെട്ടെങ്കിലും എവിടെയെങ്കിലും ജീവന്‍റെ തുടിപ്പ് അവശേഷിക്കുമെന്ന പ്രതീക്ഷ. കരുതലും തിരഞ്ഞ് നീങ്ങിയ കൈകളും കുഴഞ്ഞതല്ലാതെ പ്രതീക്ഷയുടെ ഇരുകര തൊട്ടില്ല. മൂന്നാംദിനം ജോയിയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ അലമുറയിട്ട അമ്മമാര്‍ നിരവധിയായിരുന്നു. 

പെറ്റമ്മയുള്‍പ്പെടുന്ന കുടുംബം പോറ്റാന്‍ രാപകലില്ലാതെ അധ്വാനിച്ചിരുന്ന ജോയിക്ക് കരുതിവയ്ക്കാന്‍ അധികമൊന്നുമുണ്ടായിരുന്നില്ല. ആഗ്രഹങ്ങളും വിശപ്പും അരവയറിലൊതുക്കി നേടിയ നാണയശേഖരം കൊണ്ട് സ്വന്തമായൊരു വീടൊരുക്കാനായില്ല. ഈ നൊമ്പരത്തിനിടയിലാണ് റെയില്‍വേയുടെ ശുചീകരണത്തിനായി ആമയിഴഞ്ചാന്‍ തോട്ടിലിറങ്ങിയ ജോയി ഒഴുക്കില്‍പ്പെട്ട് മടങ്ങിവരവില്ലാക്കയത്തിലാണ്ടത്. 

സഹായവാഗ്ദാനങ്ങള്‍ പലതുമുണ്ടായെങ്കിലും സ്വന്തമായൊരു കൂരയെന്ന ചിന്ത മെല്‍ഹിയമ്മയുടെ ഉള്ളില്‍ കനപ്പെട്ടുവന്നു.  അഞ്ച് സെന്‍റ് മണ്ണ് ജില്ലാ പഞ്ചായത്തിന്‍റെ വകയായി ലഭിച്ചു. പ്രത്യേക ഉത്തരവിലൂടെ കോര്‍പ്പറേഷന്‍ ലൈവ് ഭവനപദ്ധതിയിലും ഉള്‍പ്പെടുത്തി. സുമനസുകള്‍ കൈകോര്‍ത്തതോടെ വീട് പൂര്‍ത്തിയാകുകയായിരുന്നു. മകന്‍റെ ഓര്‍മയില്‍ കണ്ണീരൊഴുക്കി കഴിയുന്ന അമ്മയ്ക്ക് ഇനി മുതല്‍ ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ കഴിയാം. മകനൊപ്പമില്ലെന്ന സങ്കടം മാത്രം.

ENGLISH SUMMARY:

Melhi Amma, the mother of Joy from Marayamuttam who tragically drowned while cleaning the Amayizhanchan Canal in Thiruvananthapuram, has received a safe house under the LIFE Mission project. The land was provided by the District Panchayat, and the house was built by the Thiruvananthapuram Corporation. Joy's death while working to support his family is a painful memory for Malayalis, and the new house offers his mother a secure space to hold onto his memory.