വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കാതിരിക്കാൻ സ്വന്തം പറമ്പിൽ തന്നെ കിടന്നുറങ്ങുന്ന ഒരു കർഷകൻ അതിരപ്പിള്ളിയിലുണ്ട്. അറുപത്തഞ്ചാം വയസ്സിലും വിളകൾക്കൊപ്പമുള്ള ഈ പതിവ് തെറ്റിച്ചിട്ടില്ല ജെൻസന്‍. സൗന്ദര്യവും ദൃശ്യങ്ങളും വേണ്ടപോലെ പ്രകൃതി കനിഞ്ഞുനൽകിയിട്ടുണ്ടെങ്കിലും അതിരപ്പിള്ളിയിൽ നാട്ടുകാരും വിനോദസഞ്ചാരികളും ഭയക്കുന്ന ഒരു വന്യതയുണ്ട്. അലറിയെത്തുന്ന ആനക്കൂട്ടത്തിന്റെ ആക്രമണം
കാട്ടാന നാടിറങ്ങുമ്പോൾ ഭീതിയിലാകുന്നത് സാധാരണക്കാരായ കർഷകർ കൂടിയാണ്. തന്റെ ഭൂമി സംരക്ഷിക്കാൻ രാത്രിയിൽ പറമ്പിൽ കിടന്നുറങ്ങുന്ന ഒരു അറുപത്തഞ്ചു കാരനുണ്ട് അതിരിപ്പിള്ളിയിൽ. രാത്രി ഭാര്യ കരുതലോടെ നൽകുന്ന കഞ്ഞിയും കുടിച്ച് ഉമ്മറത്ത് തെളിയുന്ന വെളിച്ചം സാക്ഷിയാക്കി പറമ്പിലെ ഷെഡ്ഡിലേയ്ക്ക് ജെൻസൻ നീങ്ങും.
കൈയിൽ ആനയെ വിരട്ടിയോടിക്കാനുള്ള സാധനങ്ങളും ഒരു ടോർച്ചും ഉണ്ട്. അതൊരു വിശ്വാസമാണ്. ആന ഇതൊക്കെ കണ്ട് കൃഷിഭൂമിയിൽനിന്ന് പിൻവാങ്ങുമെന്ന വിശ്വാസം. അതാണ് ജെൻസനെ ഇത്രയും കാലം രക്ഷിച്ച് മുന്നോട്ടു നയിച്ചത്.
കൂരിരുട്ടിലും തന്റെ 65 സെന്റിലെ മുക്കും മൂലയും വീട്ടിലെ മുറികൾ പോലെ പരിചിതമാണ് ആ വയോധികന്. കൃഷിസ്ഥലം മൊത്തത്തിൽ വീക്ഷിച്ച് ഷെഡിൽ എത്തുന്ന ജെൻസൻ റേഡിയോ ഓൺ ആക്കിയ ശേഷം തീ കൂട്ടും. ആനയിൽ നിന്ന് കൃഷിയെ രക്ഷിക്കാൻ പറമ്പ് മുഴുവൻ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്. എന്നാലും ആനയെ ഓടിക്കാൻ ചില വിദ്യകൾ കൂടി പ്രയോഗിക്കേണ്ടിവരും.
ഏക്കറുകണക്കിന് ഭൂമിയൊന്നും ജെൻസനില്ല. പക്ഷേ തന്റെ തുണ്ടുഭൂമി അദ്ദേഹത്തിന് ജീവനാണ്. ചുറ്റുപാടുമുള്ള മനുഷ്യർ ഉറക്കത്തിലേയ്ക്ക് വീഴുമ്പോൾ പതിയെ ഉണരുന്ന വന്യമൃഗങ്ങളെ തനിക്കാവുന്ന രീതിയിൽ നേരിടാൻ ജീവൻ കൈയിൽ പിടിച്ചുകൊണ്ട് ജൻസൻ പോരാടുകയാണ്. ഈ പ്രായത്തിലും ഒറ്റയാൻമാരെ നേരിടാനുള്ള ആ ഒറ്റയാൾ പോരാട്ടം തുടരുന്നു.