കാട്ടാനകള്‍ നെല്‍കൃഷി നശിപ്പിക്കുന്നത് പതിവായിട്ടും വനം വകുപ്പ് ഇടപെടുന്നില്ലെന്ന് ആരോപിച്ച് പാലക്കാട് മലമ്പുഴ ഫോറസ്റ്റ് ഓഫിസിന് മുന്നില്‍ ഒറ്റയാള്‍ സമരം. കൊട്ടേക്കാട് സ്വദേശി രവീന്ദ്രനാണ് ഓഫിസ് കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. വനം വകുപ്പ് നടപടി ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.
രവീന്ദ്രന്‍ പാട്ടത്തിനെടുത്ത് കൃഷിചെയ്ത അഞ്ച് ഏക്കര്‍ വരുന്ന നെല്‍പ്പാടത്താണ് കാട്ടാനശല്യം രൂക്ഷമായത്. കൊയ്യാന്‍ ഏതാണ്ട് പത്ത് ദിവസം മാത്രം അവശേഷിക്കെ ആണ് കാട്ടാനകള്‍ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് ആരോപിച്ചാണ് മലമ്പുഴ ഫോറസ്റ്റ് ഓഫിസിന് മുന്നില്‍ ഈ ഒറ്റയാള്‍ സമരം.
ഇതിന് പിന്നാലെ പ്രാദേശിക സിപിഎം നേതാക്കള്‍ രവീന്ദ്രനെ കണ്ട് ആവലാതികള്‍ ചോദിച്ചറിഞ്ഞു. ആറങ്ങോട്ടുകുളമ്പ് വനാതിര്‍ത്തിയില്‍ സ്ഥാപിച്ച ഫെന്‍സിങ് തകര്‍ത്താണ് ആനകള്‍ എത്തുന്നത്. രവീന്ദ്രനുള്ള നഷ്ടപരിഹാരം വേഗത്തിലാക്കുന്നതിന് ഒപ്പം പ്രദേശത്ത് കാവലും ശക്തമാക്കുമെന്ന് റെയിഞ്ച് ഓഫിസര്‍ ഉറപ്പുനല്‍കി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടര്‍ന്ന് രവീന്ദ്രന്‍ കുത്തിയിരുപ്പ് സമരം അവസാനിപ്പിച്ചു. കൊട്ടേക്കാട് ഭാഗത്തെ വനാതിര്‍ത്തിയില്‍ ആര്‍ആര്‍ടി സംഘം നിരീക്ഷണം തുടരുകയാണ്.