ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കല്‍ പാര്‍ക്ക് ഇന്ന് തൃശൂര്‍ പുത്തൂരില്‍ തുറക്കുകയാണ്. ജനുവരി ഒന്നു മുതലാണ് പൊതുജനങ്ങള്‍ക്ക് പൂര്‍ണമായും പ്രവേശനം. ഇന്നു മുതല്‍ രണ്ടു മാസത്തേയ്ക്കു നേരത്തെ കൂട്ടി  ബുക് ചെയ്യുന്ന നിശ്ചിത ആളുകള്‍ക്കു മാത്രമാകും പ്രവേശനം. 

കേരളത്തിന്‍റെ ടൂറിസം മാപ്പില്‍ ഏറ്റവും കൂടുതല്‍ ഇടംപിടിക്കാന്‍ പോകുന്ന ഇടമാണിത്. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്. മുന്നൂറിലേറെ ഏക്കറാണ് വിസ്തൃതി. പൂര്‍ണമായും മുളങ്കാടുകളായിരുന്നു ഈ സ്ഥലം. മുളങ്കാടുകള്‍ മുറിച്ചുമാറ്റി. സൂ ഡിസൈന്‍ ചെയ്തു. ഓസ്ട്രേലിയന്‍ സൂ ഡിസൈനറായ ജോണ്‍ കോ ആണ്  ഡിസൈന്‍ ചെയ്തത്. തൃശൂരില്‍ നിന്ന് മൃഗശാല മാറ്റുമെന്നായിരുന്നു നേരത്തെയുണ്ടായ പ്രഖ്യാപനം. വിശാലമായ മൃഗശാല പുത്തൂരില്‍ സ്ഥാപിക്കാന്‍ നേരത്തെ തീരുമാനിച്ചെങ്കിലും കിഫ്ബിയില്‍ നിന്ന് 371 കോടി രൂപ അനുവദിച്ചത് വഴിത്തിരിവായി. സ്ഥലം എം.എല്‍.എയും റവന്യൂമന്ത്രിയുമായ കെ.രാജന്‍റെ തുടര്‍ച്ചയായ ഇടപെടലും സ്വപ്നം യാഥാര്‍ഥ്യമാക്കി. 

സെന്‍ട്രല്‍ പി.ഡബ്ലു.ഡിയാണ് നിര്‍മാണം നടത്തിയത്. മൃഗങ്ങള്‍ക്ക് അവയുടെ ആവാസ വ്യവസ്ഥയനുസരിച്ച് ജീവിക്കാമെന്നതാണ് സവിശേഷത. കിടങ്ങുകള്‍ നിര്‍മിച്ചും വൈദ്യുത വേലി കെട്ടിയുമാണ് മൃഗങ്ങളെ നിയന്ത്രിക്കുന്നത്. പ്രവേശന നിരക്ക് തീരുമാനമായിട്ടില്ല. വനംവകുപ്പിന്‍റെ കീഴിലാണ് മൃഗശാലയുടെ പ്രവര്‍ത്തനം. ഒരു ദിവസം മുഴുവന്‍ കാണാനുള്ള വിശാലമായ ഇടമാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേത്.

ENGLISH SUMMARY:

The Puthur Zoological Park in Thrissur, set to be South India's second-largest zoo, opens today, covering over 300 acres of what was previously a bamboo forest. The park, designed by Australian zoo designer Jon Co, offers a unique concept where animals live in enclosures resembling their natural habitats, controlled by trenches and electric fences. While the inauguration is today, general public access begins on January 1st; for the next two months, only a limited number of pre-booked visitors will be permitted. The project, funded by a ₹371 crore KIIFB allocation, was realized through the efforts of local MLA and Revenue Minister K. Rajan.