aneesh-ar

TOPICS COVERED

ശബരിമലയിൽ ദര്‍ശനത്തിനിടെ കുഴഞ്ഞുവീണ് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ അവയവങ്ങള്‍ ദാനം ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കാവിന്‍പുറത്ത് വീട്ടില്‍ എ.ആര്‍.അനീഷിന്‍റെ അവയവങ്ങളാണ് ദാനം ചെയ്തത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസറായിരുന്നു മുപ്പത്തിയെട്ടുകാരനായ അനീഷ്.

കഴിഞ്ഞ പതിനേഴിനാണ് ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അനീഷ് കുഴഞ്ഞുവീണത്. പമ്പയില്‍ വച്ച് തലയിടിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ പത്തനംതിട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെത്തിക്കുകയുമായിരുന്നു. ചികില്‍സയിലിരിക്കെ ബുധനാഴ്‌ച ഉച്ചയോടെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ശരീരാവയവങ്ങൾ ദാനംചെയ്യാൻ നേരത്തെതന്നെ അനീഷ്‌ സമ്മതിച്ചിരുന്നു. അനീഷിന്‍റെ എട്ട് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട് നേത്രപടലങ്ങളും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ഒരു വൃക്കയും പാന്‍ക്രിയാസും കൈയും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലെ രോഗിക്കും നല്‍കും.

അനീഷിന്റെ വിയോഗത്തിന്റെ വേദനയിലും അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത കാണിച്ച കുടുംബാംഗങ്ങൾ മാനവികതയുടെ വലിയൊരു മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. അനീഷിന് ആദരാഞ്ജലികൾ. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും അനീഷിന് ആദരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്ക് നന്ദിയെന്നും വീണാ ജോര്‍ജ് കുറിച്ചു.

അതേസമയം, അനീഷിന്‍റെ ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ നാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ മാറ്റിവയ്ക്കും. ഇതോടെ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ചരിത്രം കുറിക്കുകയാണ്. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയാകും. സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്നതും ഇതാദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും കൂടിയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കുന്നത്. 

ENGLISH SUMMARY:

The organs of A.R. Aneesh (38), an Assistant Prison Officer who suffered brain death after collapsing at Pamba, Sabarimala, were donated as per his prior wish. His eight organs, including a kidney, heart, and lungs, will benefit patients in Kottayam and Kochi hospitals. CM Pinarayi Vijayan praised the family's humanity.