കോഴിക്കോട് മേയര്‍, ബീന ഫിലിപ്പ് തദ്ദേശതിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കില്ല. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെന്ന് ബീന ഫിലിപ്പ് പറഞ്ഞു. എന്നാല്‍, നിയമസഭയിലേക്ക് പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ കോഴിക്കോട് മേയര്‍ മല്‍സരിക്കും.
കൊവിഡ് കാലത്തെ വാക്സിനേഷന്‍ ക്യാംപെയ്നുകള്‍, പകല്‍വീടുകള്‍ക്കായി പ്രത്യേക പദ്ധതി, ബീച്ചിലെ ഫുഡ് സ്ട്രീറ്റ്, പാളയം മാര്‍ക്കറ്റിനെ കല്ലുത്താന്‍ കടവിലേയ്ക്ക് മാറ്റല്‍ വിവിധ നഗരവല്‍ക്കരണ, കുടിവെള്ള പദ്ധതികള്‍ എന്നിവയുമായി ആത്മവിശ്വാസത്തോടെ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനാണ് എല്‍ഡിഎഫ് ഒരുങ്ങുന്നതെങ്കിലും ഇനിയും മല്‍സരിക്കാന്‍ ഇല്ലെന്നാണ് മേയര്‍ ബീന ഫിലിപ്പ് പറയുന്നത്.
ആരോഗ്യപ്രശ്നങ്ങള്‍ പാര്‍ട്ടിയെ അറിയിക്കാനാണ് തീരുമാനം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളിലൊരാളായി ബീന ഫിലിപ്പിനെ സിപിഎം പരിഗണിക്കുന്നുണ്ട്.
75 ഡിവിഷനുകള്‍ ആയിരുന്നു കോര്‍പ്പറേഷനില്‍ ഇതുവരെയെങ്കില്‍ പുനര്‍വിഭജനത്തോടെ 76 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തവണ 50 സീറ്റുകള്‍ നേടിയ എല്‍ഡിഎഫ് ഇക്കുറിയും ഭരണം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ്.
കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്, മാലിന്യ സംസ്ക്കരണ പ്ലാന്‍റുകളെ ചൊല്ലിയുള്ള തര്‍ക്കം എന്നിവയടക്കമുള്ള ന്യൂനതകള്‍ ചര്‍ച്ചയാകില്ലെന്നാണ് കണക്കുകൂട്ടല്‍. ബീന ഫിലിപ്പ് ഇല്ലെങ്കില്‍ പകരം ആരെന്ന ചര്‍ച്ചകളും തുടങ്ങികഴിഞ്ഞു.