kozhikode-protest

TOPICS COVERED

കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തിലേക്ക് പ്രവേശിക്കാനുള്ള ചരക്ക് വാഹനങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധം ശക്തം. വാഹനങ്ങളുടെ പ്രവേശന നിരക്ക് ഇരട്ടിയോളമാണ് വര്‍ധിപ്പിച്ചത്. ബേപ്പൂര്‍ തുറമുഖത്തെ തകര്‍ക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിച്ചു. 

ബേപ്പൂര്‍ തുറമുഖത്തു നിന്നും ലക്ഷദ്വീപിലേക്ക് നിത്യോപയോഗ സാധനങ്ങളും കെട്ടിട നിര്‍മ്മാണ സാമഗ്രികളുമാണ് പ്രധാനമായും  കയറ്റി അയക്കുന്നത്. തുറമുഖത്തിനുള്ളിലേക്കുള്ള ചരക്കു വാഹനങ്ങളുടെ ഉള്‍പ്പടെ പ്രവേശ ഫീസ് യാതൊരു മുന്നറിയിപ്പും കൂടാതെയാണ് മാരിടൈം ബോര്‍ഡ് വര്‍ധിപ്പിച്ചത്. 

58 രൂപ ഈടാക്കിയിരുന്ന ചരക്കു ലോറികള്‍ക്ക് തുറമുഖത്തേക്ക് പ്രവേശിക്കാന്‍ 100 രൂപ നല്‍കണം. 42 രൂപയുണ്ടായിരുന്ന മിനി ലോറി 70 രൂപയും, പിക്കപ്പ് വാഹനങ്ങള്‍ക്ക് 60 രൂപയും, കാറിനും ഗുഡ്സ് ഓട്ടോ റിക്ഷക്കും 50 രൂപയും, പാസഞ്ചര്‍ ഓട്ടോറിക്ഷക്ക് 40 രൂപയുമാണ് പുതുക്കിയ നിരക്ക്. നിരക്ക് വര്‍ധന ബേപ്പൂര്‍ തുറമുഖത്തെ തകര്‍ക്കാനുള്ള നീക്കമാണെന്നും മംഗളൂരു തുറമുഖത്തെ ആളുകള്‍ ആശ്രയിക്കാന്‍ വഴിയൊരുക്കുമെന്നും തൊഴിലാളികള്‍ പറയുന്നു.

വാഹനങ്ങളുടെ ഫീസ് കൂട്ടിയതിന് പിന്നാലെ മറ്റ് സര്‍വീസ് ചാര്‍ജുകളും വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികള്‍. വാഹനങ്ങളുടെ പ്രവേശന നിരക്ക് വര്‍ധിപ്പിച്ചതില്‍ സെയ്ലിങ് വെസല്‍ ഏജന്‍റസ് ആന്‍ഡ് ഷിപ്പ്മെന്‍റ് കോണ്‍ട്രാക്ടേഷ്സ് അസോസിയേഷനും തൊഴിലാളി സംഘടനകളും തുറമുഖ കവാടത്തില്‍ പ്രതിഷേധിച്ചു. തീരുമാനം പുന പരിശോധിക്കണമെന്ന് തൊഴിലാളി സംഘടനകള്‍ തുറമുഖ അധികൃതര്‍ക്കും തുറമുഖ വകുപ്പ് മന്ത്രിക്കും ഉള്‍പ്പടെ നിവേദനം നല്‍കിയിട്ടുണ്ട്. 

ENGLISH SUMMARY:

Beypore port protests are intensifying due to increased cargo vehicle rates. This rate hike is seen as a move to undermine the port, prompting unions to demand a re-evaluation.