digital

TOPICS COVERED

കോഴിക്കോട് ബാലുശ്ശേരിയിൽ റിട്ടയർഡ് കോടതി ജീവനക്കാരനിൽ നിന്നും ഡിജിറ്റൽ അറസ്റ്റിലൂടെ 20,000 രൂപ തട്ടി. മുംബൈ പൊലീസാണെന്ന് വിശ്വസിപ്പിച്ചാണ് വയോധികനെ ഡിജിറ്റൽ അറസ്റ്റ് ചെയ്തത്. കോഴിക്കോട് റൂറൽ ജില്ലാ സൈബർ ക്രൈം പൊലീസ് വേഗത്തിൽ ഇടപെട്ടതിനാൽ കൂടുതൽ പണം നഷ്ടമായില്ല.

ബാലുശ്ശേരി സ്വദേശിയായ വ്യക്തിയുടെ ഫോണിൽ നിന്ന് മറ്റുള്ളവർക്ക് അശ്ലീല ഫോൺ കോളുകൾ വരുന്നുണ്ടെന്ന് പറഞ്ഞാണ് മുംബൈ പൊലീസിന്‍റെ പേരിൽ സംഘം വായോധികനെ ഡിജിറ്റൽ അറസ്റ്റ് ചെയ്തത്. ഇതിന്‍റെ ഭാഗമായി അക്കൗണ്ടിലുള്ള മുഴുവൻ തുകയും വെരിഫൈ ചെയ്യണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ആര്‍ബിഐയുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്.

പരിശോധനകൾക്ക് ശേഷം പണം തിരികെ അക്കൗണ്ടിലേക്ക് എത്തുമെന്നും തട്ടിപ്പുകാർ വയോധികനെ വിശ്വസിപ്പിച്ചിരുന്നു. തുടർന്ന് വയോധികൻ ഓൺ ലൈൻ സർവ്വീസ് സെന്ററിൽ എത്തി ഇരുപതിനായിരം രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് അയച്ചു. ഭീഷണി ഭയന്ന വയോധികൻ ഇതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയാണ് ചെയ്തത്.

ബുധനാഴ്ച രാവിലെ ഫോൺ സ്വിച്ച് ഓണായപ്പോൾ തട്ടിപ്പുകാർ വീണ്ടും വയോധികനുമായി ബന്ധപ്പെട്ടു. വീണ്ടും ഫോൺ കാൾ വന്നതോടെ തട്ടിപ്പ് മനസിലാക്കിയ ഇയാൾ സൈബർ പൊലീസിനെ സമീപിക്കുകയായിരുന്നു. വീണ്ടും കോൾ വന്നതോടെ സൈബർ പൊലീസ് ഉദ്യോഗസ്ഥരാണ് ഫോൺ അറ്റൻഡ് ചെയ്തത്. പിടിക്കപ്പെടുമെന്ന് മനസിലാക്കിയ തട്ടിപ്പുകാർ ഫോൺ കട്ട് ചെയ്ത് തടിതപ്പി. വയോധികന്റെ പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

Digital arrest scam targeting senior citizens is on the rise. A retired employee in Kozhikode lost money to fraudsters posing as Mumbai police, but quick action prevented further loss.