അച്ഛനമ്മമാരുടെ സ്നേഹലാളനകളേറ്റ് പഠിച്ചും കളിച്ചും വളരേണ്ട പ്രായത്തില്‍ അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുകയാണ് കൊട്ടാരക്കരയിലെ അര്‍ച്ചനയുടെ മക്കള്‍. ആ മരണം അനാഥരാക്കിയതത് മൂന്ന് കുട്ടികളെയാണ്. ഒപ്പം താമസിച്ചിരുന്ന ശിവകൃഷ്ണന്റെ ഉപദ്രവം സഹിക്കവയ്യാതെ നെടുവത്തൂര്‍ സ്വദേശിനിയായ അര്‍ച്ചന കഴിഞ്ഞ ദിവസം കിണറ്റില്‍ ചാടുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ കിണറിന്‍റെ പാലങ്ങളും തുണുകളും തകര്‍ന്നു വീണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ സോണി എസ്.കുമാറിനും ശിവകൃഷ്ണനും ജീവന്‍ നഷ്ടമായി. അര്‍ച്ചനയും അപകടത്തില്‍ മരിച്ചു.
ഒന്‍പതാം ക്ലാസിലും, ആറാം ക്ലാസിലും, നാലാം ക്ലാസിലും പഠിക്കുന്ന പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളാണ് അര്‍ച്ചനയ്ക്കുള്ളത്. ദുരന്തം തിരിച്ചറിഞ്ഞതു മുതല്‍ ആ കുഞ്ഞുങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു. മൃതദേഹങ്ങള്‍ പുറത്തെടുക്കുമ്പോള്‍ മൂവരും അമ്മൂമ്മയുടെ ഓരം ചേര്‍ന്ന് നിന്നു. അര്‍ച്ചനയ്ക്ക് ആദ്യ ഭര്‍ത്താവിലുണ്ടായ കുട്ടികളാണ് മൂവരും.
പല സ്ഥലങ്ങളിലും മാറിമാറി താമസിച്ച ഇവര്‍ ഒടുവില്‍ നെടുവത്തൂരില്‍ സ്ഥിരതാമസമാക്കിതിന് പിന്നാലെയാണ് ദുരന്തം പല രൂപത്തില്‍ എത്തിയത്. അര്‍ച്ചനയുമായി അഭിപ്രായഭിന്നത രൂക്ഷമായതോടെ തുടര്‍ന്ന് ഭര്‍ത്താവ് വിവാഹമോചനം നേടി. അതിനുശേഷമാണ് ശിവകൃഷ്ണന്‍ എത്തുന്നത്. ശിവകൃഷ്ണന്‍ വീട്ടിലിരുന്ന് മദ്യപിക്കുന്നതും തുടര്‍ന്നുള്ള വഴക്കും കുടുംബത്തിന്‍റെ സമാധാനം കെടുത്തിയിരുന്നു. അതിന്‍റെ മൂര്‍ധന്യത്തിലാണ് ഇപ്പോള്‍ ഈ ദുരന്തം സംഭവിച്ചത്. അമ്മയുടെ മരണത്തോടെ ഉണ്ടായ ശൂന്യത ആ കുട്ടികളെ സംബന്ധിച്ചിടത്തോളം പറഞ്ഞറിയിക്കാനാവാത്ത വേദനയാണ്. ആരുമില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ കുട്ടികളെ ഏറ്റെടുക്കാനായി മുന്നോട്ട് വന്നത്. ഇപ്പോള്‍ കൊല്ലത്തെ ശിശുക്ഷേമ സമിതിയിലാണ് കുട്ടികള്‍.