ഗുണ്ടാ നേതാവ് അതുലിന്റെ കൊലപാതകത്തിൽ എല്ലാ പ്രതികളെയും ചവറ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 8 ആയി. പ്രതികളുടെ വാഹനവും പിടിച്ചെടുത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെയും പ്രതികൾക്ക് സഹായം നൽകിയ രണ്ടുപേരെയുമാണ് ആദ്യം അറസ്റ്റ് ചെയ്തത്.

അതുലിന് ഹൽവ ഏറെ ഇഷ്ടമാണ്. എപ്പോഴും ഹൽവ കഴിക്കാറുമുണ്ട്. അങ്ങനെയാണ് അലുവ അതുൽ എന്ന പേര് ലഭിച്ചതെന്നാണ് വിവരം. വളരെ ക്രൂരമായാണ് അതുൽ ആളുകളോട് പെരുമാറിയിരുന്നത്. എതിർ സംഘത്തിലെ ആളുകളെ ആക്രമിക്കുമ്പോൾ ചുറ്റികകൊണ്ട് കാൽമുട്ട് അടിച്ചു തകർക്കും. എഴുന്നേറ്റ് നടക്കാതിരിക്കാനാണ് ഇത്. സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായപ്പോൾ, ഓച്ചിറ സ്വദേശിയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് അതുൽ പൊലീസിനോട് പറഞ്ഞത്. സന്തോഷിന്റെ സുഹൃത്തായിരുന്ന ഓച്ചിറ സ്വദേശി അയാളുമായി പിണങ്ങിയതോടെയാണത്രേ ക്വട്ടേഷൻ നൽകിയത്.

ജാമ്യത്തിലിറങ്ങിയശേഷം സ്റ്റേഷനിൽപോയി മടങ്ങുകയായിരുന്നു അതുൽ. കാറിലെത്തിയ സംഘം അതുൽ സഞ്ചരിച്ച കാറിനെ ഇടിച്ചു കുഴിയിലേക്ക് ഇട്ടു. പിന്നീട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

2025 മാർച്ച് 27നാണ് പടനായർകുളങ്ങര വടക്ക് കെട്ടിശ്ശേരിൽ കിഴക്കതിൽ വീട്ടിൽ എ.സന്തോഷ് കുമാറെന്ന ജിം സന്തോഷ് കൊല്ലപ്പെട്ടത്. പുലർച്ചെ വടിവാളും കമ്പിപ്പാരയും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം ആദ്യം സന്തോഷിന്റെ മാതാവ് ഓമന കിടന്ന മുറിയുടെ കതക് വെട്ടിപ്പൊളിച്ച് ഉള്ളിൽ കടന്നു. ആ മുറിയിൽ സന്തോഷ് ഇല്ലെന്നറിഞ്ഞതോടെ സംഘം തൊട്ടടുത്ത മുറിയുടെ കതക് തകർത്ത് അകത്തു കയറി സന്തോഷിനെ ആക്രമിക്കുകയായിരുന്നു.

ENGLISH SUMMARY:

Atul's murder case sees all accused arrested by Chawara police, bringing the total to 8. The investigation has also led to the seizure of the vehicle used in the crime.