Image Credit:facebook.com/KrishnaPrabhaOfficial
മാനസികാരോഗ്യത്തെ കുറിച്ച് ലോകം സജീവമായി ചര്‍ച്ച ചെയ്യുകയും മാനസികാരോഗ്യ സംരക്ഷണത്തിനായി കൂട്ടായ പരിശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്ന കാലത്ത് വിഷാദരോഗത്തെ നിസാരമാക്കി സംസാരിച്ച നടി കൃഷ്ണപ്രഭയ്ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. പ്രമുഖ മാനസികാരോഗ്യ വിദഗ്ധന്‍ ഡോക്ടര്‍ മോഹന്‍ റോയ് ആണ് വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. വിവരമില്ലായ്മ ഒരു തെറ്റല്ലെന്നും അതൊരു ആഭരണമായി എടുത്തണിയരുതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. പുതിയ സിനിമകളില്ലാത്തതിനാല്‍ വൈറല്‍ ആകാനുള്ള പുതിയ മാര്‍ഗമാകാം ഇതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ..; 'പഴയ വട്ടുതന്നെ ഇപ്പോൾ ഡിപ്രഷൻ എന്ന് പറയുന്നു. പണിയൊന്നും ഇല്ലാത്തതുകൊണ്ടാണ് മനുഷ്യൻ ബിസിയായിരുന്നാൽ കുറച്ചു കാര്യങ്ങൾക്ക് പരിഹാരം ഉണ്ടാകും'
വിവരമില്ലായ്മ ഒരു തെറ്റല്ല,പക്ഷേ അതൊരു ആഭരണം ആയി എടുത്തണിയരുത് , വിഷാദരോഗം എന്താണെന്നും എന്തുകൊണ്ടാണ് അത് വരുന്നതെന്നുമുള്ളതിനെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയില്ല എന്ന് മാത്രമല്ല , മാനസിക പ്രശ്നം ഉള്ളവരെ അപമാനിക്കുകയും കൂടി ചെയ്യുകയാണ്.... വൈറൽ ആവാനുള്ള പുതിയ മാർഗവും ആവാം...ഇപ്പോ സിനിമകൾ ഒന്നും ഇല്ലല്ലോ. പിന്നെ താങ്കൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ വരില്ലായിരിക്കും. കാരണം എല്ലാവർക്കും മാനസികാരോഗ്യ പ്രശ്നങ്ങൾ വരില്ല തലച്ചോർ ഉള്ളവർക്ക് മാത്രമേ വരികയുള്ളൂ'.
വിവാദ അഭിമുഖത്തെ കുറിച്ച് സംസാരിക്കുന്നതിനായി കൃഷ്ണപ്രിയയെ ബന്ധപ്പെട്ടപ്പോഴും തന്‍റെ നിലപാട് ആവര്‍ത്തിക്കുകയാണ് താരം ചെയ്തത്. ആളുകള്‍ നെഗറ്റീവില്‍ ഫോക്കസ് ചെയ്യുന്നത് കൊണ്ടാണ് വാക്കുകള്‍ വിവാദമായതെന്നും താന്‍ പറഞ്ഞതിനെ ആ അര്‍ഥത്തില്‍ മനസിലാക്കിയില്ലെന്നും അവര്‍ വിശദീകരിച്ചു. സോഷ്യല്‍ മീഡിയ വന്നതിന് ശേഷമാണ് ഡിപ്രഷനും മൂഡ് സ്വിങ്സുമെല്ലാം സാധാരണക്കാര്‍ക്ക് പരിചിതമായതെന്നും അക്കാര്യമേ താനും പറഞ്ഞുള്ളൂവെന്നും അവര്‍ നിലപാട് ആവര്‍ത്തിച്ചിരുന്നു.