Image Credit:facebook/renusudhi
തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളില്‍ പരസ്യ പ്രതികരണവുമായി രേണു സുധി. സ്വകാര്യ റസ്റ്റൊറന്‍റിന്‍റെ പ്രമോഷന്‍ പരിപാടിക്കായി ദുബായിലെ ദേരയിലാണ് രേണു ഇപ്പോള്‍ ഉള്ളത്. അതിഥികള്‍ക്കൊപ്പം താരം ആടിപ്പാടുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെയാണ് വ്യാജവാര്‍ത്തകളും സൈബര്‍ ആക്രമണവും ശക്തമായത്. ബാറും റസ്റ്റൊറന്‍റും ചേര്‍ന്ന സ്ഥാപനമായ പാപ്പിലോണിലാണ് രേണു എത്തിയത്. ഇതോടെ ബാര്‍ ഡാന്‍സറാണോയെന്നും കള്ളുകുടിച്ച് അഴിഞ്ഞാടുകയാണെന്നും മദ്യപിച്ചതിന് അറസ്റ്റിലായി എന്നൊക്കെ തരത്തില്‍ വ്യാജവാര്‍ത്തകള്‍ രേണുവിനെതിരെ പ്രചരിച്ചു.
ദുബായില്‍ വന്നപ്പോള്‍ തന്‍റെ ട്രോമയൊക്കെ മാറിയെന്നാണ് ചിലര്‍ പരിഹസിക്കുന്നത്. തീര്‍ച്ചയായും മാറിയെന്നും എന്നാലത് ദുബായില്‍ വന്നത് കൊണ്ടല്ല, തന്‍റെ മക്കളെ കണ്ടതു കൊണ്ടാണെന്നും അവര്‍ വെളിപ്പെടുത്തുന്നു. മക്കളെ എപ്പോഴും താന്‍ വിളിക്കുകയും വിഡിയോ കോളില്‍ കണ്ട് സംസാരിക്കാറുണ്ടെന്നും രേണു വ്യക്തമാക്കി.
ദുബായില്‍ താന്‍ പ്രമോഷന് വന്നതാണെന്നും പ്രമോഷന്‍ തന്‍റെ ജോലിയാണെന്നും അവര്‍ വിഡിയോയില്‍ പറഞ്ഞു. അപവാദങ്ങള്‍ പറഞ്ഞു നടക്കുന്നവരുടെ പേര് പറഞ്ഞ് അവരുടെ റീച്ച് കൂട്ടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആര്‍ക്കുള്ള മറുപടിയാണെന്ന് എല്ലാവര്‍ക്കും വ്യക്തമാണെന്നും രേണു കൂട്ടിച്ചേര്‍ത്തു.