നെട്ടൂരിൽ 25 കോടി രൂപയുടെ ഓണം ബംപറടിച്ച ഭാഗ്യശാലിയെ കാണാനായി കാത്തിരിക്കുകയാണ് എല്ലാവരും. ഇപ്പോഴിതാ ഭാഗ്യശാലിയെക്കുറിച്ച് ചില സൂചനകളും തന്‍റെ ഭാഗ്യവും പങ്കുവെക്കുകയാണ് ലോട്ടറി വിറ്റ ഏജന്‍റ് ലതീഷ്. ഒരു വർഷത്തിനുള്ളിൽ ഒരു കോടിയും 25 കോടിയും സമ്മാനം ലഭിച്ച രണ്ട് ടിക്കറ്റുകളാണ് ലതീഷ് വിറ്റത്. ലോട്ടറി കച്ചവടം തുടങ്ങിയപ്പോൾ കുടുംബത്തിൽ നിന്ന് എതിർപ്പുകൾ നേരിട്ടെങ്കിലും, നെട്ടൂരിലെ സാധാരണക്കാരായ ആളുകളുടെ പിന്തുണയാണ് തന്‍റെ വിജയത്തിന് കാരണമെന്ന് ലതീഷ് പറയുന്നു.
വൈറ്റിലയിലെ ഏജന്‍സിയില്‍ നിന്നും ഏജന്‍റ് ലെതീഷ് എടുത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. നെട്ടൂരില്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്ന ആളാണ് ലതീഷ്. ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്ന് 800 ഓളം ടിക്കറ്റുകളാണ് ലതീഷ് എടുത്തിട്ടുള്ളത്. വിജയി നെട്ടൂരിൽ നിന്നുള്ള ആളായിരിക്കണം എന്നാണ് രതീഷിന്‍റെ ആഗ്രഹം. സമ്മാനം ലഭിച്ചയാൾ ഉടൻ മാധ്യമങ്ങൾക്ക് മുന്നിൽ എത്തുമെന്നും ലതീഷ് സൂചിപ്പിച്ചു.
ലതീഷിന്‍റെ വാക്കുകള്‍
ഇവിടെ ഐഎൻടിയുസിയിലെ തൊഴിലാളികളാണ് നമ്മുടെ 80% കസ്റ്റമേഴ്സും. അവർക്കായാൽ അതിൽ 100% നമുക്ക് സന്തോഷമുള്ളൂ. കാരണം നമ്മളോട് സഹകരിച്ചു പോകുന്നത് അവരാണ്. ശരിക്കും പറഞ്ഞാൽ അവരാണ് നമ്മുടെ രക്ഷകൻ . ഇത് ഭഗവതി നിന്ന് എടുത്തതാണ്. അവരുടെ കയ്യില്‍ നിന്നെടുത്ത ടിക്കറ്റില്‍ നിന്ന് തന്നെ മൂന്നു മാസം മുമ്പ് ഒരു കോടി ഇവിടെ അടിച്ചതാണ്.
ഇപ്രാവശ്യം ഇവിടെ ആയിരത്തിനു മേൽ ടിക്കറ്റ് വിറ്റു. ഇതുവരെയും ടിക്കറ്റ് അടിച്ചെന്ന് പറഞ്ഞ് ആരും വന്നിട്ടില്ല. ആർക്കാണെങ്കിലും നെട്ടൂരുകാരാകണം എന്നുള്ളതാണ് എന്‍റെ ആഗ്രഹം. അടുത്താർക്കെങ്കിലും അടിച്ചാൽ കൂടുതൽ സന്തോഷം. ഞാൻ 18 വയസ്സിൽ ഇവിടെ പണിക്ക് വന്നതാണ്. ഈ 30 കൊല്ലമായിട്ട് ഞാൻ ഇവിടെയുണ്ട്.
മൂന്നു മാസം മുമ്പ് ഒരു കോടി അടിച്ചതാണ്. നെട്ടൂരുകാർക്കാണ് ആ ഒരു കോടി അടിച്ചത്. ആരാണെന്ന് ഇതുവരെ നമുക്ക് അറിയില്ല. രണ്ടരക്കോടി കിട്ടുമെന്നാണ് അറിവ്. രണ്ടര കോടി കിട്ടിയാൽ ഞാൻ ഒരു രാജാവിനെ പോലെയായി, ഇപ്പോൾ എനിക്ക് കണ്ണൊക്കെ നിറഞ്ഞു പോകുന്നു. ഈ 25 കോടി എനിക്ക് അടിച്ചാൽ ചിലപ്പോൾ എനിക്ക് ഭ്രാന്തായി പോകും. ഞാൻ ഒരു കൊല്ലമായിട്ടുള്ളൂ ഇത് തുടങ്ങിയിട്ട്. ഒരു കൊല്ലത്തിനിടെ രണ്ട് ഫസ്റ്റ് വന്നു. അത് ഞാൻ ആരാധിക്കുന്ന ഒരു ഭഗവാനുണ്ട് ലക്ഷ്മി നാരായണന്‍, പുള്ളിയുടെ അനുഗ്രഹമാണ്.
ഓണം ബംപര്‍ ഇറങ്ങിയ പിറ്റേന്ന് മുതല്‍ ഞാൻ ഇവിടെ ടിക്കറ്റ് വിൽക്കുന്നുണ്ട്. ഒരാള്‍ വിളിച്ചിരുന്നു. സന്തോഷിക്കാൻ കൂടുതൽ വകുപ്പ് ഉണ്ടെന്ന് പറഞ്ഞു. ആരാണെന്ന് പറഞ്ഞിട്ടില്ല. ഒരു ദിവസം ഒരു 10 ടിക്കറ്റ്, 15 ടിക്കറ്റ് ഇവിടെ വിറ്റു പോകുകയുള്ളൂ. അപ്പോൾ അത് ആരൊക്കെയാണെന്ന് നമ്മൾ ഓർത്തിരിക്കില്ല.