'25 കോടി രൂപയുടെ ഭാഗ്യം എത്തിയത് നെട്ടൂരില്‍ താമസക്കാരിയായ അരൂരിലെ എക്സ്പോര്‍ട്ടിങ് കമ്പനിയിലെ സ്ത്രീക്ക്', രണ്ടു ദിവസമായി കറങ്ങി നടന്ന വാര്‍ത്തയ്ക്ക് അന്ത്യമായത് ആലപ്പുഴ തുറവൂര്‍ സ്വദേശി ശരത് എസ്. നായര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതോടെയാണ്. TH 577825 എന്ന ലോട്ടറി ടിക്കറ്റുമായി ശരത്ത് നേരെ എത്തിയത് എസ്ബിഐ തുറവൂര്‍ പുത്തന്‍ചന്ത ശാഖയിലേക്ക്.
ലോട്ടറി നറുക്കെടുത്ത സമയം ശരത്ത് നെട്ടൂരിലെ ജോലി സ്ഥലത്തായിരുന്നു. ഭാര്യയോട് വിളിച്ചു പറഞ്ഞ് ടിക്കറ്റിന്‍റെ ഫോട്ടോ ഫോണില്‍ വാങ്ങിച്ചു. ഫോണിലുണ്ടായിരുന്ന ടിക്കറ്റിന്റെ ഫോട്ടോയിൽ നോക്കിയ ശരത് ഞെട്ടി. ബംപറടിച്ച വിവരം ഭാര്യ അപര്‍ണയോടും സഹോദരന്‍ രഞ്ജിത്തിനോടും പറഞ്ഞു. ഭാര്യയോടും ടിക്കറ്റ് പരിശോധിക്കാന്‍ പറഞ്ഞു.
വീണ്ടും പരിശോധിച്ച് ഉറപ്പിക്കാനായിരുന്നു സമയം എടുത്തത്. വീട്ടിലെത്തിയ ശേഷം ടിക്കറ്റെടുത്ത് വീണ്ടും പരിശോധിച്ചു. സീരിയൽ നമ്പരും അക്കങ്ങളുമൊക്കെ വീണ്ടും പരിശോധിച്ച് ഉറപ്പാക്കി. സമ്മാനം ഉറപ്പിച്ച ശേഷം തിങ്കളാഴ്ച ജോലിക്കെത്തി അവധി പറഞ്ഞ് ലോട്ടറി ഹാജരാക്കാന്‍ എസ്ബിഐ തുറവൂര്‍ പുത്തന്‍ചന്ത ശാഖയിലെത്തുകയായിരുന്നു.
‘‘ചെറിയ തുകയുടെ ലോട്ടറി ഒക്കെ എടുത്തിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ബംപർ എടുക്കുന്നത്. ഫോണിൽ ലോട്ടറിയുടെ ചിത്രമെടുത്തു വച്ചിരുന്നു. ബംപർ ഫലം വന്നപ്പോൾ ഫോണിൽ നോക്കി. വിശ്വസിക്കാൻ പറ്റിയില്ല. പിന്നീട് വീട്ടിൽ പോയും രണ്ടു മൂന്നു തവണ നോക്കി. സീരിയൽ നമ്പർ ഒക്കെ ഉള്ളതുകൊണ്ട് തെറ്റു വരാൻ പാടില്ലല്ലോ’’ ശരത്ത് പറഞ്ഞു.
സാധാരണ ലോട്ടറികളെടുക്കാറുണ്ടെങ്കിലും ആദ്യമായാണ് ശരത് ബംപര്‍ ലോട്ടറിയെടുക്കുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്തെ കടയില്‍ നിന്നും യാദൃശ്ചികമായാണ് ലോട്ടറിയെടുത്തതെന്നും ശരത്ത് പറഞ്ഞു. ലോട്ടറി വിറ്റയാള്‍ക്ക് തന്നെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് തോന്നുന്നുവെന്നും ശരത്ത്.
സമ്മാനത്തുകയുമായി എന്ത് ചെയ്യാനാണ് തീരുമാനം എന്ന ചോദ്യത്തിന് ഒറ്റവാക്കിലാണ് മറുപടി. ''ആലോചിച്ചു ചെയ്യാം''. വീടുണ്ട്. അത് വച്ചതിന്റെ കുറച്ചു കടങ്ങൾ വീട്ടാനുണ്ടെന്നും ശരത് പറഞ്ഞു. 12 വർഷമായി നെട്ടൂരിലെ നിപ്പോൺ പെയിന്റ്സ് എന്ന സ്ഥാപനത്തിലെ ജോലിക്കാരനാണ് ശരത്.