നെട്ടൂരില്‍ നിന്നും ആലപ്പുഴ തുറവൂരിലേക്ക് ഓണം ബംപറിന്‍റെ ഒന്നാം സമ്മാനം എത്തുമ്പോള്‍ കേട്ടവരെല്ലാം ഞെട്ടി. ആദ്യം പുറത്തുവന്ന കഥകളില്‍ നിന്നും മാറി ഭാഗ്യവതിക്ക് പകരം എത്തിയത് ഭാഗ്യവാന്‍! ഞെട്ടലോ അമിതാവേശമോ ഇല്ലാതെയാണ് ഓണം ബംപര്‍ ഭാഗ്യവാന്‍ തുറവൂര്‍ തൈക്കാട്ടുശ്ശേരി നെടുംചിറ വീട്ടിൽ ശരത് എസ്. നായർ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. നെട്ടൂരിലെ പെയിന്‍റ് കടയില്‍ ജീവനക്കാരനാണ് ശരത്. 

എല്ലാ ദിവസവും കടയിലെത്തുന്നത് നെട്ടൂരിലെ ലതീഷിന്‍റെ കടയ്ക്ക് മുന്നിലൂടെയാണ്. അങ്ങനെയാണ് അവിചാരിതമായി ലതീഷില്‍ നിന്നും ശരത് ഓണം ബംപറെടുക്കുന്നത്. ചെറിയ ലോട്ടറികള്‍ വല്ലപ്പോഴും എടുക്കുന്ന ശീലമുണ്ടെങ്കിലും ബംപര്‍ ലോട്ടറിയെടുക്കുന്നത് ആദ്യമായാണ്. ലോട്ടറിയെടുത്ത വിവരം സഹോദരനോട് മാത്രമായിരുന്നു ശരത് പറഞ്ഞ്. ലോട്ടറി ടിക്കറ്റ് വീട്ടില്‍ ഭദ്രമായി സൂക്ഷിക്കുകയും ചെയ്തു. 

ലോട്ടറി ഫലപ്രഖ്യാപനം വന്നയുടനെ വീട്ടിലേക്ക് വിളിച്ച് ഭാര്യ അപര്‍ണയോട് ടിക്കറ്റിന്‍റെ ഫോട്ടോ അയച്ചു തരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫലം പരിശോധിച്ച ശരത് ഞെട്ടി, ഭാര്യയോട് സമ്മാനം പരിശോധിക്കാന്‍ പറഞ്ഞു. പിന്നീട് വീട്ടിലെത്തി രണ്ടു മൂന്നു തവണ പരിശോധിച്ച് ഉറപ്പിച്ചാണ് സമ്മാനം തനിക്കെന്ന് ശരത് ഉറപ്പിച്ചത്. ലോട്ടറി നറുക്കെടുത്ത സമയം ശരത്ത് നെട്ടൂരിലെ ജോലി സ്ഥലത്തായിരുന്നു.

ഭാവി പരിപാടികള്‍ ആലോചിച്ചു ചെയ്യാം എന്നാണ് ശരത്ത് പറഞ്ഞത്. വീട് വച്ചതിന്റെ കുറച്ചു കടങ്ങൾ വീട്ടാനുണ്ടെന്നും ശരത് പറഞ്ഞു. ലോട്ടറിയടിച്ചെന്ന് കരുതി മാറ്റങ്ങളൊന്നുമില്ലെന്നും ശരത് പറഞ്ഞു. നാളെ മുതല്‍ ജോലിക്ക് പോകും. 18 വയസ് മുതല്‍ ജോലി ചെയ്യുന്നുണ്ട്. 12 വർഷമായി നെട്ടൂരിലെ നിപ്പോൺ പെയിന്റ്സ് എന്ന സ്ഥാപനത്തിലെ ജോലിക്കാരനാണ്.  അത് തുടരും. 12 വര്‍ഷമായി അവിടെ ജോലി ചെയ്യുന്നു. ജോലി അന്വേഷിച്ച് ചെന്നപ്പോള്‍ തനിക്ക് അവസരം തന്നവരാണ്. ലോട്ടറി അടിച്ചു എന്നതിനാല്‍ ഒരു ദിവസം കൊണ്ട് ജോലി മതിയാക്കാനുള്ള തീരുമാനമില്ലെന്നും ശരത് പറഞ്ഞു. 

ENGLISH SUMMARY:

Onam Bumper winner Sarath S. Nair from Thuravoor, an employee at a paint shop in Nettur, has won the first prize. He plans to pay off debts and continue working at his job, expressing gratitude to his employer.