മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് ആറു പേര്‍ക്കായി അവയവങ്ങള്‍ ദാനം ചെയ്ത കൊല്ലം കൊട്ടാരക്കര സ്വദേശി ഐസക് ജോര്‍ജിനെ കുറിച്ച് ഡോക്ടര്‍ ജോ ജോസഫ് എഴുതിയ ഹൃദയം തൊടുന്ന കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തിരുവനന്തപുരത്ത് നിന്നും ഹൃദയം ഏറ്റുവാങ്ങി കൊച്ചിയിലെത്തിക്കാന്‍ നടത്തിയ യാത്രയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒപ്പം നിന്നതിനെ കുറിച്ചും ഐസകിന്‍റെ കുടുംബം കാണിച്ച വലിയ പുണ്യത്തെ കുറിച്ചും ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പോസ്റ്റിന് പിന്നാലെ തനിക്ക് ലഭിച്ച ഊമക്കത്തും പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

അവയവദാനവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും കൃത്യമായും മികവുറ്റ രീതിയിലും ക്രമീകരിച്ച സർക്കാരിനെ അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റ് ഇഷ്ടപ്പെടാത്തയാളാണ് കത്തെഴുതിയിരിക്കുന്നതെന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്. ആ പോസ്റ്റ് തനിക്ക് എഴുതിതന്നത് എറണാകുളത്തെ സി.പി.ഐ.(എം)ന്റെ ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമായ ലെനിൻ സെന്ററിൽ നിന്നാണുപോലും കത്തില്‍ പറയുന്നുവെന്നും അദ്ദേഹം കുറിച്ചു. 2022 ൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടപ്പോൾ പരിഹസിച്ചുകൊണ്ടും മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും അപകീർത്തിപ്പെടുത്തിക്കൊണ്ടും കത്തയച്ച അതേ വ്യക്തിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറയുന്നുണ്ട്. എഴുതിയ ആളിന്റെ രാഷ്ട്രീയം പകൽപോലെ വ്യക്തമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കത്തിന് മറുപടിയും അദ്ദേഹം പോസ്റ്റിലൂടെ നല്‍കുന്നുണ്ട്. ‘തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. ഇനിയും സമൂഹത്തിലും സമൂഹ മാധ്യമങ്ങളിലും ഇടപെടും. ഇപ്പോൾ പോകുന്ന പോലെ ആവശ്യമുള്ളപ്പോൾ ഇനിയും ലെനിൻ സെന്ററിൽ പോകും. ഈ പോക്ക് പോയാൽ ചേട്ടൻ കുറേ ഊമക്കത്തുകൾ ഇനിയും എഴുതുമെന്ന് തോന്നുന്നു. അപ്പോൾ ലാൽസലാം’ എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്. ജോലി ചെയ്യുന്ന ആശുപത്രിയെയും കൂടെ ജോലി ചെയ്യുന്ന ചിലരുടെയെല്ലാം പേരെടുത്തു പറയുന്നത്‌ കൊണ്ട് അവരുടെ സ്വകാര്യതയെ മാനിച്ച്‌ വലിയൊരു ഭാഗം മറച്ചുകൊണ്ട് കത്തിന്‍റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഡോ.ജോ ജോസഫിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്...

‘ദേ വന്നല്ലോ വനമാല. വീണ്ടും ഊമക്കത്ത്‌ എത്തിയിരിക്കുന്നു. കഴിഞ്ഞ ആഴ്ചയിൽ നടന്ന അവയവദാനവുമായി ബന്ധപ്പെട്ട ഞാൻ എന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ എഴുതിയ പോസ്റ്റാണ് ഇപ്രാവശ്യത്തെ ഊമക്കത്തിന് ആധാരം. ആ അവയവദാനവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും കൃത്യമായും മികവുറ്റ രീതിയിലും ക്രമീകരിച്ച സർക്കാരിനെ അഭിനന്ദിച്ചു കൊണ്ടുള്ള ആ പോസ്റ്റ് ഈ മാന്യദേഹത്തിനു തീരെ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. പിന്നെ മഹത്തായ ഒരു കണ്ടുപിടിത്തവും ഈ കത്തുവഴി ഇദ്ദേഹം നടത്തുന്നുണ്ട്. ആ പോസ്റ്റ് എനിക്ക് എഴുതിതന്നത് എറണാകുളത്തെ സി.പി.ഐ.(എം)ന്റെ ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമായ ലെനിൻ സെന്ററിൽ നിന്നാണുപോലും.

കത്ത് കണ്ടപ്പോൾ കൈയക്ഷരം നല്ല പരിചയമുള്ളതുപോലെ തോന്നി. 2022 ൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടപ്പോൾ എന്നെ കളിയാക്കി കൊണ്ടും സർക്കാരിനെയും  മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെയും മന്ത്രിമാരെയുമെല്ലാം അപകീർത്തിപ്പെടുത്തി കൊണ്ടും വന്ന രണ്ടു പേജുള്ള ആ കത്ത് എന്‍റെ ഓർമ്മയിൽ വന്നു. ആ കത്ത് ഞാൻ നശിപ്പിച്ചിരുന്നുവെങ്കിലും അതിനെപ്പറ്റി എന്റെ ഫെയ്സ്ബുക്കിൽ ഞാൻ ഒരു കുറിപ്പ് കുറിപ്പ് ഇട്ടിരുന്നു. ആ കത്തിന്റെ ഫോട്ടോയും ഞാൻ പങ്കുവെച്ചിരുന്നു. കൈയക്ഷരം ഒത്തു നോക്കി ഒരേ ആളാണെന്ന് ഉറപ്പിച്ചു. ആ കത്ത് മുഴുവൻ ഗ്രാമർ തെറ്റുകളുള്ള ഇംഗ്ലീഷിലായിരുന്നുവെങ്കിൽ ഈ കത്ത് മലയാളത്തിലായിരുന്നു. അപൂർവമായി പ്രയോഗിച്ച ചില ഇംഗ്ലീഷ് വാക്യങ്ങളാണ് ഒരേ ആളുടെ കൈപ്പടയാണെന്ന് തിരിച്ചറിയാൻ സഹായിച്ചത്. രണ്ട് കത്തിന്റെയും ഉള്ളടക്കങ്ങൾ ഒന്നുതന്നെ. ഒന്ന് എന്നെ കളിയാക്കുക രണ്ട് സർക്കാരിനെയും അതിനെ നയിക്കുന്ന സഖാവ് പിണറായി വിജയനെയും മന്ത്രിമാരെയും അപകീർത്തിപ്പെടുത്തുക. അതുകൊണ്ടുതന്നെ എഴുതിയ ആളിന്റെ രാഷ്ട്രീയവും പകൽപോലെ വ്യക്തം.

ഊമക്കത്ത് വഴിയാണ് കുത്താൻ ഉദ്ദേശിച്ചത് കൊണ്ട് തന്നെ അദ്ദേഹം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം പോലെ എഴുതിയ ആളും അല്‍പം പഴഞ്ചനാണെന്ന് തോന്നുന്നു. തത്കാലം ചേട്ടാ എന്ന് വിളിക്കാം. 'അതേ ചേട്ടാ, തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. ഇനിയും സമൂഹത്തിലും സമൂഹ മാധ്യമങ്ങളിലും ഇടപെടും. ഇപ്പോൾ പോകുന്ന പോലെ ആവശ്യമുള്ളപ്പോൾ ഇനിയും ലെനിൻ സെന്ററിൽ പോകും.ഈ പോക്ക് പോയാൽ ചേട്ടൻ കുറേ ഊമക്കത്തുകൾ ഇനിയും എഴുതുമെന്നു തോന്നുന്നു. അപ്പോൾ ലാൽസലാം' 

ENGLISH SUMMARY:

After his emotional Facebook post honoring Kollam native Isaac George, who donated organs to six people after brain death, went viral, Dr. Jo Joseph revealed that he received an anonymous critical letter. The cardiologist said the letter, allegedly from CPI(M)’s Lenin Centre in Ernakulam, attacked both him and Kerala’s Chief Minister Pinarayi Vijayan. In his strong response, Jo Joseph reaffirmed his commitment to social engagement, dismissing the criticism while appreciating the government’s efficient handling of the organ donation process.