മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവച്ച് സേബ ടോമി. 24–ാം വയസ്സിൽ സംസ്ഥാന പുരസ്കാരം നേടാനായത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നും താന്‍ തുടങ്ങിയിട്ടേയുള്ളൂ എന്നും സേബ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
'ഈ വിശപ്പ് അടങ്ങിയിട്ടില്ല, ഞാൻ തുടങ്ങിയിട്ടേയുള്ളൂ' എന്ന സേബയുടെ വാക്കുകൾ സംഗീത ലോകത്തോടുള്ള താരത്തിന്റെ അഭിനിവേശമാണ് വ്യക്തമാക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
തന്റെ കുടുംബത്തെ സാക്ഷിയാക്കി, ആയിരങ്ങളുടെ ആർപ്പുവിളികൾക്കിടയിൽ പുരസ്‌കാരം വാങ്ങാന്‍ കഴിഞ്ഞത് മറക്കാനാകാത്ത അനുഭവമാണ്. ഈ രംഗത്തെ അതികായന്മാരെ നേരിൽ കാണാനും, കിങ് മമ്മൂക്കയോടൊപ്പം വേദി പങ്കിടാനും കഴിഞ്ഞത് ഒരു സ്വപ്നം യാഥാർത്ഥ്യമായത് പോലെയായിരുന്നു. ദൈവത്തോട് നന്ദി പറയുന്നു എന്നും താരം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
'അംഅഃ' എന്ന ചിത്രത്തിലെ ‘ആരോരും...’ എന്ന് തുടങ്ങുന്ന മനോഹര ഗാനമാണ് സേബയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. പത്ത് വർഷമായി പിന്നണി ഗാനരംഗത്തുള്ള സേബയുടെ കരിയറിലെ വലിയൊരു നാഴികക്കല്ലായിരുന്നു ഈ ഗാനം. ഗരുഡനിലെ ‘കൂരമ്പായ് പായുന്നോ’, ഫിലിപ്സിലെ ‘സദാ ഇനി ഇതാ’, ഓഫിസർ ഓൺ ഡ്യൂട്ടിയിലെ ‘നിയോൺ റൈഡ്’ എന്നിങ്ങനെ നീളുന്നതാണ് സേബയുടെ ഡിസ്കോഗ്രഫി. ഏറ്റവും ഒടുവിൽ ‘ലോക’ എന്ന ചിത്രത്തിലെ 'ക്വീൻ ഓഫ് ദി നൈറ്റ്' എന്ന പാട്ടിന് വരികളെഴുതിയതും സേബ തന്നെയാണ്.
പാട്ടിൽ മാത്രമല്ല, ഡബ്ബിംഗിലും വരികളെഴുതുന്നതിലും സേബ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സഞ്ജയ് ലീല ബൻസാലിയുടെ സൂപ്പർഹിറ്റ് വെബ്സീരീസ് 'ഹീര മണ്ഡി'യിലൂടെയാണ് ഡബ്ബിംഗ് രംഗത്തേക്ക് എത്തിയത്. തനിഷ്ക്, നെക്സ, ഉജാല തുടങ്ങിയ വമ്പൻ ബ്രാൻഡുകളുടെ പരസ്യങ്ങൾക്ക് ശബ്ദം നൽകിയതും സേബയാണ്.