ഗോപി സുന്ദറുമായുള്ള പ്രണയത്തെക്കുറിച്ചും വേർപിരിയലിനെക്കുറിച്ചും ആദ്യമായി മനസ് തുറന്ന് ഗായിക അമൃത സുരേഷ്. നൂറുശതമാനം ഇഷ്ടത്തോടെയും പരസ്പര ബഹുമാനത്തോടെയുമാണ് ആ ബന്ധം തുടങ്ങിയതെന്നും എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ അത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് പിരിയാൻ തീരുമാനിച്ചതെന്നും അമൃത വ്യക്തമാക്കി. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്‍റെ ജീവിതത്തിലെ നിര്‍ണായകമായ ആ കാലഘട്ടത്തെക്കുറിച്ച് സംസാരിച്ചത്.

അച്ഛന്‍റെ വിയോഗസമയത്ത് ഒരു മകന്‍റെ സ്ഥാനത്തുനിന്ന് കർമ്മങ്ങൾ ചെയ്യാൻ ഗോപി സുന്ദർ ഒപ്പമുണ്ടായിരുന്നുവെന്നും ആ ഒരു വര്‍ഷക്കാലത്ത് തനിക്ക് നല്‍കിയ പിന്തുണ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അമൃത പറഞ്ഞു. അച്ഛന് ഒരു മരുമകന്‍ എന്ന നിലയില്‍ കൊള്ളി വയ്ക്കാനുള്ള യോഗം ഉണ്ടായിരുന്നതുകൊണ്ടാവാം ആ വ്യക്തി തന്‍റെ ജീവിതത്തിലേക്ക് വന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇനിയും മുന്നോട്ട് പോയാൽ ഇപ്പോഴുള്ള സ്നേഹവും ബഹുമാനവും ഇല്ലാതാകുമെന്ന് തോന്നിയ ഘട്ടത്തിലാണ് മാന്യമായി പിരിയാൻ രണ്ടുപേരും ചേർന്ന് തീരുമാനിച്ചത്. നിലവിൽ പരസ്പരം ദേഷ്യമോ പകയോ ഇല്ലെന്നും വിശേഷ ദിവസങ്ങളിൽ സന്ദേശങ്ങൾ അയക്കാറുണ്ടെന്നും അമൃത വ്യക്തമാക്കി. എന്നാൽ നിരന്തരമായ ആശയവിനിമയമോ വലിയ സൗഹൃദമോ ഇപ്പോൾ നിലനിർത്തുന്നില്ല. കഴിഞ്ഞുപോയ വികാരങ്ങൾ വീണ്ടും കുത്തിപ്പൊക്കാൻ ആഗ്രഹിക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. ഗോപി സുന്ദറിന്‍റെ അമ്മ മരിച്ചപ്പോൾ പങ്കുവെച്ച പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത് തന്‍റെ ഉള്ളിൽ നിന്നുള്ള യഥാർഥ വികാരമായിരുന്നുവെന്നും ഒരു കാലത്ത് സ്വന്തം അമ്മയെപ്പോലെ സ്നേഹിച്ച വ്യക്തിയോടുള്ള ബഹുമാനം ഇപ്പോഴുമുണ്ടെന്നും അമൃത പറഞ്ഞു.

ENGLISH SUMMARY:

Singer Amrutha Suresh opens up about her relationship and breakup with music composer Gopi Sundar. In a candid interview, she reveals why they decided to part ways, his support during her father's demise, and their current equation.